ഗൾഫിലെ ഇന്ത്യാക്കാരുടെ കൊവിഡ് മരണങ്ങൾ സർക്കാർ കണക്കുകളിൽ ഉൾപ്പെടുത്തണം ;ഹൈബി ഈഡൻ എം.പി

ഗൾഫിലെ ഇന്ത്യാക്കാരുടെ കൊവിഡ് മരണങ്ങൾ സർക്കാർ കണക്കുകളിൽ ഉൾപ്പെടുത്തണം എന്ന് ഹൈബി ഈഡൻ എം.പി. ദുബായിൽ വെച്ച് വീക്ഷണം ഓൺലൈനു നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. 
ഈസ്റ്റ് കോസ്റ്റ് റീജിയണിലെ 21 മലയാളി പ്രമുഖരെ കുറിച്ച് സ്മാർട്ട് പബ്ളിക്കേഷൻ ഫുജൈറയിൽ വെച്ച് നടത്തിയ “21 മോസ്റ്റ് പവർഫുൾ മലയാളീസ്” എന്ന പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹൈബി ഈഡൻ എം.പി. 
യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ യാത്ര പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ നയതന്ത്ര ശ്രമങ്ങളുടെ പരാജയമാണ് എന്ന് എം.പി. പറഞ്ഞു. കേന്ദ്രസർക്കാർ കൃത്യമായി ഇടപെടലുകൾ നടത്തിയാൽ പരിഹാരം കാണാൻ കഴിയുന്ന വിഷയമാണ് നിലവിൽ ഉള്ളത് . കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ എടുത്തവർക്ക് നിലവിൽ യു.എ.ഇയിലേക്ക് പ്രവേശിക്കാം എന്നിരിക്കെ, ഇന്ത്യാക്കാരുടെ യാത്ര പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് താൽപര്യം ഇല്ല എന്നാണ് വ്യക്തമാക്കുന്നത്. 
സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഗൾഫിൽ കൊവിഡ് മൂലം മരിക്കുന്ന ഇന്ത്യാക്കാരുടെ കണക്കുകളും സർക്കാർ രേഖകളിൽ ഉൾപ്പെടുത്തണം എന്നും എം.പി. ആവശ്യപ്പെട്ടു. ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കും കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ആവശ്യം. 19-ആം തിയതി മുതൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിക്കും എന്നും, ഏകദിന സന്ദർശനത്തിനായി ദുബായിൽ എത്തിയ ഹൈബി ഈഡൻ എം.പി. വീക്ഷണം ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 
കോവിഡ്‌ വാക്സിന്റെ ഒന്നാം ഡോസ് എടുത്തതിന് ശേഷം രണ്ടാം ഡോസ് എടുക്കാൻ കഴിയാതേയും നിരവധി പ്രവാസികൾ ഉണ്ട്, വാക്സിൻ ക്ഷാമവും പ്രവാസികളുടെ മടക്ക യാത്രയെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ 19ാ൦ തിയതി ആരംഭിക്കുന്ന പാർലിമെന്റ് സമ്മേളനത്തിൽ പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയാകും എന്ന് എം.പി ഉറപ്പു നൽകി.
ദുബായ് വിമാനത്താവളത്തിൽ വീക്ഷണം ഓണലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എം.പി.യോടൊപ്പം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോർഡിനേറ്റർ അനുര മത്തായി, ഇൻകാസ് നേതാവ് മുഹ്സിൻ പാലത്തിങ്കൽ,ജീവകാരുണ്യ പ്രവർത്തകൻ ഹാഷിം ബിൻ ഹംസ, സ്മാർട്ട് പുബ്ലിക്കേഷൻ ചീഫ് എഡിറ്റർ ഫായിസ് ബിൻ ബുഹാരി, അഖിൽ ദാസ് ഗുരുവായൂർ എന്നിവരും ഉണ്ടായിരുന്നു.

Related posts

Leave a Comment