വിമതർ നാളെ ദേവഗൗഡയെ കാണും: ജെ.ഡി.എസിലേക്കെന്ന് സൂചന

തിരുവനന്തപുരം: എൽ.ജെ.ഡി വിമത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകില്ലെന്ന് അറിയിച്ചു. എന്നാൽ തർക്കത്തിൽ ഇപ്പോൾ ഇടപെടില്ലെന്നും ഒന്നിച്ചു പോകണമെന്നും മുഖ്യമന്ത്രി നേതാക്കാളോട് പറഞ്ഞു. ഔദ്യോഗികപക്ഷം തങ്ങളാണെന്നും ഇടതുമുന്നണി അനുവദിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തങ്ങൾ പ്രതിനിധികളെ നിശ്ചയിക്കുമെന്നും കാട്ടി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന് കത്ത് നൽകും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഇവർ കാണും. എൻ.എം.നായർ (ആലപ്പുഴ), നസീർ പുന്നയ്ക്കൽ (മലപ്പുറം), സബാഹ് പുൽപറ്റ (ഇടുക്കി), എ.വി.ഖാലിദ് എന്നിവരാണ് വിമതയോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റുമാർ. ഇവരിൽ ഇടുക്കിയിലേത് ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായിരുന്ന സോമശേഖരൻ നായർ ഇതിനകം പാർട്ടി വിട്ട് ജനതാദൾ എസിൽ ചേർന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരും തങ്ങൾക്കൊപ്പമുണ്ടെന്നും വിമതനേതാക്കൾ പറഞ്ഞു. അതിനിടയിൽ ഇന്ന് തിരുവനന്തപുരത്തുള്ള ജെ.ഡി.എസ് അഖിലേന്ത്യാ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയെ വിമതവിഭാഗം കാണുമെന്ന അഭ്യൂഹം ശക്തമാണ്. എം.എൽ.എ കെ.പി.മോഹനന്റെ പിന്തുണ വിമതർ അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹവും മനസ് തുറന്നിട്ടില്ല.ശ്രേയാംസ് കുമാറിനെതിരെ പരസ്യ കലാപമുയർത്തിയ വിമതവിഭാഗം ജനതാദൾ എസുമായി ലയിച്ചേക്കുമെന്ന സൂചനകളുയരുന്നു.

Related posts

Leave a Comment