കോവിഡ് പേരുകള്‍ പ്രസിദ്ധപ്പെടുത്തും

തിരുവനന്തപുരംഃ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ ഓരോ ദിവസവും പ്രസിദ്ധപ്പെടുത്തും. കോവിഡ് മരണങ്ങള്‍ സുതാര്യമാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പിന്നാലെയാണ് സര്‍ക്കാരിന്‍റെ തീരുമാനം. ജൂലൈ മൂന്നു മുതലാണ് കോവിഡ് മരണങ്ങളുടെ പട്ടിക പുനഃപ്രസിദ്ധീകരിക്കുന്നത്. നേരത്തേ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഡിസംബര്‍ മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു,

ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്തണമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ശരിയായ കണക്ക് ശേഖരിച്ചു പ്രസിദ്ധപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ആശ്രിതര്‍ പ്രത്യേകമായി അപേക്ഷ നല്‍കിയാല്‍ മാത്രം അത്തരത്തില്‍ പുനഃപരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അല്ലാതെ, മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഇനി പട്ടിക പരിശോധിക്കാന്‍ കഴിയില്ലെന്നു മന്ത്രി പറഞ്ഞു.

അതേ സമയം‌, കോവിഡിന്‍റെ തീവ്രത കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമമെമന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്. ആരെയാണ് ഇരുട്ടില്‍ നിര്‍ത്തുന്നത്? കോവിഡിന്‍റെ ശരിയായ സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണം. അല്ലെങ്കില്‍ പ്രതിപക്ഷം ഈ ദൗത്യം ഏറ്റെടുക്കുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് നാളെ മുതല്‍ കോവിഡ് മരണങ്ങളുടെ പട്ടിക കോവിഡ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related posts

Leave a Comment