മുഹമ്മദ് ഹംദാൻ്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം : അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം: തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഒന്നര വയസ്സുള്ള പിഞ്ചോമന മകൻ മുഹമ്മദ് ഹംദാന് വാക്സിൻ നൽകുന്നതിൽ പിഴവ് പറ്റിയ സാഹചര്യത്തിൽ ഹംദാൻ്റെ ചികിത്സാ ചിലവ് പൂർണ്ണമായും വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കുഞ്ഞിൻ്റെ തുടയിൽ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ കാൽമുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതർ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛൻ്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. ഹംദാൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസറും വിലയിരുത്തണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ വീഴ്ച വരുത്തിയവരെ ശാസിച്ചു എന്ന് എഴുതി പരാതി അവസാനിപ്പിക്കാതെ ആ പിഞ്ചുമകൻ്റെ കുടുംബം അനുഭവിക്കുന്ന വേദന മനസ്സിലാക്കി കുട്ടിയുടെ ആരോഗ്യസ്ഥിതിക്ക് അടിയന്തിര പ്രാധാന്യം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Related posts

Leave a Comment