മുഹമ്മദലിയുടെ സ്വര്‍ണവും പിണറായിയുടെ മുണ്ടും

മൂന്നാം കണ്ണ് ഓഗസ്റ്റ് 10

  • സി.പി. രാജശേഖരന്‍

കേരളത്തിന്‍റെ സമകാലീന കായികമന്ത്രിമാരെക്കുറിച്ച് ആലോചിച്ചുതുടങ്ങിയാല്‍ ആകാവുന്നത്ര ശക്തി സമാഹരിച്ച് ആരും തിരിഞ്ഞുനോക്കാതെ ഓടിപ്പോകും. കേരളത്തില്‍ കായികം എന്നൊരു വകുപ്പുണ്ടോ, അതിനൊരു മന്ത്രിയുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കാര്‍ക്കും വലിയ പിടിപാടില്ല. ടോക്കിയോയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഒളിംപിക്സ് കായിക മാമാങ്കത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ പി.ആര്‍, ശ്രീജേഷ് എന്നൊരു ഇതിഹാസതുല്യനായ മലയാളി ഉണ്ടായിരുന്നോ എന്നൊന്നും വകുപ്പു മന്ത്രിയായ വി. അബ്ദുറഹ്‌മാനോടു ചോദിക്കരുത്.

അങ്ങനൊരാളെ കേട്ടതായിപ്പോലും മന്ത്രിക്കറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെയൊരു താരത്തെ ആദരിക്കാന്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഇത്തിരിയെങ്കിലും ആവേശം കാണിക്കുമായിരുന്നു. ഏതായാലും ഇതേവരെ അതുണ്ടായിട്ടില്ല.

ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ ടീമില്‍ മൊത്തം ഇരുപതു പേരുണ്ടായിരുന്നു. പതിനൊന്നു പേരാണ് മത്സരത്തി‌ലിറങ്ങിയത്. എന്നാല്‍ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും ഇതിനകം അവരുടെ സംസ്ഥാനങ്ങള്‍ ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ക്കൊപ്പം കളിക്കുക മാത്രമല്ല, ഇന്ത്യയെ പോഡിയം കയറ്റുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിച്ച മലയാളി താരം പി.ആര്‍. ശ്രീജേഷിനു മാത്രം ഇതു വരെ സംസ്ഥാന സര്‍ക്കാര്‍ സമ്മാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഒന്നും കൊടുത്തില്ലെന്നു പറയരുത്. സര്‍ക്കാരിനു കീഴിലുള്ള കൈത്തറി വികസന കോര്‍പ്പറേഷന്‍ ഒരു ഷര്‍ട്ടും മുണ്ടും കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.  കായിക മന്ത്രി മുന്‍കൈ എടുത്ത് ഒരു നിക്കറും ബെനയിനും കൂടി അനുവദിച്ചു കൊടുക്കണ​മെന്ന് ഒരപേക്ഷയുണ്ട്. അല്ലെങ്കില്‍ ശ്രീജേഷ് നാണം മറച്ച് ഓണമുണ്ണാന്‍ വല്ലാതെ ബുദ്ധിമുട്ടും.

  • മുഹമ്മദലിക്കു സ്വര്‍ണം!

സ്പോര്‍ട്സ് എന്നാല്‍ പുഴുക്കാണോ പുന്നയ്ക്കയാണോ എന്നറിയാത്തവരാണ് സിപിഎമ്മിലെ കായികമന്ത്രിമാരെന്ന് ഇതിനു മുന്‍പും തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016 ജൂണ്‍ നാലിന് ബോക്സിംഗ് ഇതിഹാസം മുഹമ്മാദലി അന്തരിച്ചു. അതേക്കുറിച്ച് ഒരു വാര്‍ത്താ ചാനല്‍ അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജനോടു പ്രതികരണമാരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി കേട്ട് കായികകേരളം മുഴുവന്‍ കോരിത്തരിച്ചതാണ്. “കേരളത്തിന്‍റെ കായിക രംഗത്ത് ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്‍റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. അദ്ദേഹത്തിന്‍റെ മരണത്തില്‍ കേരളത്തിന്‍റെ ദുഃഖം ഞാന്‍ അറിയിക്കുന്നു.“

അമേരിക്കയുടെ എക്കാലത്തെയും വലിയ ബോക്സിംഗ് ഇതിഹാസത്തെയാണ് അന്നത്തെ കായിക മന്ത്രി നിമിഷനേരം കൊണ്ട് മലയാളിയാക്കി അനുശോചിച്ചുകളഞ്ഞത്! കായികമേഖലയെക്കുറിച്ച് ചില വകുപ്പ് മന്ത്രിമാര്‍ക്കുള്ള പരിജ്ഞാനം ഇത്രയൊക്കെയേ ഉള്ളൂ. പിന്നെങ്ങനെ സിപിഎം ഭരിക്കുന്ന നാട്ടില്‍ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ആദരം ലഭിക്കും? 41 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതുപോലൊരു വെങ്കലം രാജ്യത്തിനു സമ്മാനിച്ച ഹോക്കി ടീമിന്‍റെ ഗോളിയും ഒരു മലയാളിയായിരുന്നു- മാനുവല്‍ ഫ്രെഡറിക്. അതിനു മുന്‍പോ, ശേഷമോ കേരളത്തിലേക്ക് ഒരു ഒളിംപിക് മെഡല്‍ ആരും കൊണ്ടുവന്നിട്ടില്ല, ശ്രീജേഷ് ഒഴികെ. അതുകൊണ്ടു തന്നെ മെഡല്‍ ലഭിച്ച നിമിഷത്തില്‍ത്തന്നെ ശ്രീജേഷിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മികച്ച സമ്മാനം പ്രഖ്യാപിക്കേണ്ടതായിരുന്നു.

  • കളിക്കു മുന്‍പേ സമ്മാനം പ്രഖ്യാപിച്ചു പഞ്ചാബ്

ടോക്കിയോ ഒളിംപിക്സിലേക്കു താരങ്ങള്‍ വിമാനം കയറുന്നതിനു മുന്‍പേ ജയിച്ചുവന്നാല്‍ എന്തു കൊടുക്കുമെന്ന് പ്രഖ്യാപിച്ച ഒരു സംസ്ഥാനമുണ്ട്, ഇന്ത്യയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്. ഹോക്കിയില്‍ സ്വര്‍ണം നേടിയാല്‍ രണ്ടരക്കോടി, വെള്ളിക്ക് ഒന്നരക്കോടി, വെങ്കലത്തിന് ഒരു കോടി എന്നതായിരുന്നു വാഗ്ദാനം. ഇരുപതംഗ ഇന്ത്യന്‍ ടീമില്‍ പതിനൊന്നു പേരും പഞ്ചാബില്‍നിന്നുള്ളവരായിരുന്നു. ടീമിനായിരുന്നു ആദ്യം സമ്മാനം പ്രഖ്യാപിച്ചിരുന്നതെങ്കിലും വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം കാത്തപ്പോള്‍ മുഖ്യമന്ത്രി ക്യാപ്റ്ന്‍ അമരീന്ദര്‍ സിംഗ് തീരുമാനം തിരുത്തി, ടീമിലെ ഓരോരുത്തര്‍ക്കും ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചു. ഒപ്പം സര്‍ക്കാര്‍ ജോലിയും വീടില്ലാത്തവര്‍ക്കു വീട് വയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലവും.

 ഏഴു സംസ്ഥാനങ്ങളിലെയും താരങ്ങള്‍ക്കു സമാനമായ തുക ലഭിക്കും. എന്നാല്‍ കേരളത്തിന്‍റെ ശ്രീജേഷിനു മാത്രം മുണ്ടും ഷര്‍ട്ടും കൊണ്ട് തൃപ്തിപ്പെടേണ്ടു വന്നു. (ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ അവാര്‍ഡ് മറക്കുന്നില്ല.)

സര്‍ക്കാര്‍ മറന്നത് ഡോ. ഷംഷീര്‍ ഓര്‍ത്തു

ശ്രീജേഷിനെ വേണ്ട വിധത്തില്‍ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ല. എന്നാല്‍ പ്രവാസി വ്യവസായിയും മലയാളിയുമായ ഡോ. ഷംഷീര്‍ വയലില്‍ ഈ മിന്നും താരത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. രാജ്യത്തെ മറ്റു ഹോക്കി താരങ്ങള്‍ക്കു ലഭിച്ച അതേ സമ്മാനത്തുക തന്‍റെ സംരംഭമായ പിപിഎസ് ഹെല്‍ത്ത് കെയറില്‍ നിന്നു ശ്രീജേഷിനു കൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മലയാളികളുടെ ഈ മഹാമനസിന് ഒരുഗ്രന്‍ സല്യൂട്ട്.

  • കേരളത്തിന്‍റെ ഒന്‍പതു പൊന്‍മുത്തുകള്‍

ടോക്കിയോ ഒളിംപിക്സില്‍ മാറ്റുരച്ച ഇന്ത്യന്‍ ടീമില്‍ ഒന്‍പതു പേര്‍ മലയാളികളായിരുന്നു. ഏഴ് അത്‌ലറ്റുകളും ഒരു നീന്തല്‍ താരവും പിന്നെ ശ്രീജേഷും. സാജന്‍ പ്രകാശ് (നീന്തല്‍), എം.ശ്രീശങ്കര്‍ (ലോംഗ് ജംപ്), കെ.ടി. ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), എം.പി ജാബര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അലക്സ് ആന്‍റണി, അമോദ് ജേക്കബ് (റിലേ). ഇവരില്‍ ശ്രീജേഷ് ഒഴികെ മറ്റാര്‍ക്കും മെഡലൊന്നും കിട്ടിയില്ലെങ്കിലും സാജന്‍ പ്രകാശ് എന്ന പത്തരമാറ്റ് തങ്കത്തെ നാട് മറക്കാന്‍ പാടില്ലാത്തതാണ്.

ഇന്ത്യയുടെ ഒളിംപിക്സ് ചരിത്രത്തില്‍ ഇന്നേ വരെ ഒരാളും ഒളിംപിക്സ് ഫൈനലിലേക്ക് നേരിട്ടു യോഗ്യത നേടിയിട്ടില്ല. പക്ഷേ, കേരളത്തിന്‍റെ സാജന്‍ പ്രകാശിന് അതിനു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ കൈയൂക്ക് ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചതിനു പിന്നില്‍ കേരളത്തിന്‍റെ കായിക വകുപ്പിനും വലിയ പങ്കുണ്ട്. 2015 ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണവും മൂന്നു വെള്ളിയും നേടിയ ഈ നീന്തല്‍താരത്തിനു തുടര്‍പരിശീലനത്തിനു സംസ്ഥാന സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ല. എന്നാല്‍, ടോക്കിയോയില്‍ വെള്ളിയും വെങ്കലവും നേടിയ താരങ്ങളെ റഷ്യയിലും മറ്റും ഉന്നത പരിശീലനത്തിനയക്കാന്‍ അവരുടെ സംസ്ഥാനങ്ങള്‍ തയാറായി. മതിയായ പരിശീലനവും പ്രോത്സാഹനവും സഹായങ്ങളും ലഭിച്ചിരുന്നെങ്കില്‍ സാജന്‍ പ്രകാശിന് ഒരു ഒളിംപിക് മെഡല്‍ ഉറപ്പായിരുന്നു.

  • ഉഷ, ഒരേയൊരു പി.ടി. ഉഷ

പി.ആര്‍. ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും കഴിഞ്ഞാല്‍ കേരളത്തിന്‍റെ ഒളിംപിക്സ് ഓര്‍മകള്‍ ചെന്നു നില്‍ക്കുന്നത് പി.ടി. ഉഷയെന്ന പയ്യോളി എക്സ്പ്രസിലാണ്. 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്സില്‍ സെക്കന്‍റിന്‍റെ നൂറിലൊരംശത്തിനു രാജ്യത്തിനൊരു ഒളിംപിക് മെഡല്‍ നഷ്ടമായ നിമിഷത്തെയോര്‍ത്ത് നിരാശപ്പെടുമ്പോഴും പയ്യോളിയിലെ ചൊരിമണലില്‍ നഗ്നപാദയായി ഓടിപ്പരിശീലിപ്പിച്ച ഒരു കൊലുന്നു പെണ്ണിന്‍റെ ഇച്ഛാശക്തിയും ഒ.എം. നമ്പ്യാരെന്ന ദ്രോണാചാര്യരുടെ ശിക്ഷണപടുത്വവും കൊണ്ട് നമ്മുടെ നാട് നേടിയ ഈ നാലാം സ്ഥാനത്തിന് ഊതിക്കാച്ചിയെടുത്ത തനിത്തങ്കത്തിന്‍റെ പകിട്ടുണ്ടായിരുന്നു, അന്നും ഇനിയെന്നും. അന്ന് ഉഷ നേടിയ നാലാം സ്ഥാനത്ത് നിന്ന് പിന്നീടിന്നു വരെ ഒരാളെപ്പോലും വിക്റ്ററി പോഡിയത്തിലെത്തിക്കാന്‍ കഴിയാതെ പോയതിന് കേരളയീയരായ നമ്മളെല്ലാം തുല്യ ഉത്തരവാദികളാണ്.

  • ശ്രീജേഷിന് തൊഴില്‍ നല്‍കി ഉമ്മന്‍ ചാണ്ടി,

   മുണ്ട് നല്‍കി പിണറായി

 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായിരുന്ന ശ്രീജേഷിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയത് വിദ്യാഭ്യാസ വകുപ്പില്‍ ഡിഇഒയുടെ ജോലി. ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയത്തിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്റ്ററാണിപ്പോള്‍ ശ്രീജേഷ്. എന്നാല്‍, ഏഴു വര്‍ഷത്തിനിപ്പുറം കരിയറിലെ ഏറ്റവും മികച്ച നേട്ടമായ ഒളിംപിക് മെഡലുമായി വരുന്ന ശ്രീജേഷിന് ഇപ്പോഴത്തെ മുഖ്യമന്ത്രി കരുതി വച്ചിരിക്കുന്നത് ഒരു കൈത്തറി ഷര്‍ട്ടും മുണ്ടും! സ്വന്തം വകുപ്പിന്‍റെ മന്ത്രി ഒരു നിക്കറും കൂടി കൊടുത്താല്‍ എല്ലാം പൂര്‍ത്തിയായി. 2024 പാരീസ് ഒളിംപിക്സിലേക്കുള്ള മലയാളി താരങ്ങള്‍ക്ക് പ്രചോദനമാകാന്‍ അതു മാത്രം മതി!

Related posts

Leave a Comment