കോവിഡ് സഹായം സര്‍ക്കാര്‍ തുടക്കത്തിലേ നിരസിച്ചെന്നു ചെന്നിത്തല

  • കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടു,
  • അന്ന് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല: രമേശ് ചെന്നിത്തല
  • കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കാക്കണം

തിരുവനന്തപുരം: കോവിഡ് മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തുടക്കത്തിലേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണെന്നും ഇപ്പോള്‍ സുപ്രീം കോടതി തന്നെ ആ നിര്‍ദ്ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ ആവശ്യം മുന്‍പ് പലതവണ ആവശ്യപ്പെട്ടതാണ്. രേഖാമൂലവും ആവശ്യമുന്നയിച്ച്  സര്‍ക്കാരിന് കത്ത്‌നല്‍കി. സര്‍വ്വ കക്ഷി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചു. സി.പി.ജോണ്‍ അനുഷ്ഠിച്ച സത്യാഗ്രഹത്തിലും ഇതേ കാര്യം ഉന്നയിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചില്ല. കോവിഡ് കാരണം ഒട്ടേറെ കുടുംബങ്ങളാണ് അനാഥമായത്. ചില കുടുംബങ്ങളില്‍ നിത്യവൃത്തിക്ക് വരുമാനം കൊണ്ടു വരുന്നവരാണ് കോവിഡിന് കീഴടങ്ങിയത്. ചില കുടുംബങ്ങളില്‍ മാതാപിതാക്കള്‍ നഷ്ടമായതു കാരണം കുട്ടികള്‍ അനാഥരായി. ഇവരെയൊക്കെ  സഹായിക്കേണ്ട ബാദ്ധ്യത സമൂഹത്തിനുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ പെട്ടു മരണമടയുന്നവരുടെ അതേ അവസ്ഥയാണ് മഹാമാരിമൂലമുള്ള മരണങ്ങളും. ഇവരെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ മറ്റാരെയാണ് സഹായിക്കുക? ഇക്കാര്യമാണ് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോള്‍ സുപ്രീംകോടതിയും ഇതേ നിലപാട് എടുത്തതോടെ പ്രതിപക്ഷത്തിന്റെ നിലപാട് ഇക്കാര്യത്തിലും ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരാകട്ടെ പേരെടുക്കുന്നതിനും ഖ്യാതി നേടുന്നതിനുമായി കോഡിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയും മരണങ്ങള്‍ മറച്ചു വയ്ക്കുകയുമാണ് ചെയ്തത്. വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാട്ടിയത്. ഇതുമൂലം അര്‍ഹരായ ഒട്ടേറെ നിലാരംബര്‍ക്ക് ധനസഹായം നിഷേധിക്കപ്പെടാന്‍ പോവുകയാണ്. കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കപ്പെട്ടു എന്ന് വ്യക്തമായിട്ടും ആ മരണങ്ങള്‍ പുനപ്പരിശോധിക്കില്ല എന്ന ആരോഗ്യ മന്ത്രിയുടെ നിലപാട് ഖേദകരമാണ്. കോവിഡ് നെഗറ്റീവ് ആയ ശേഷവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉണ്ടാകുന്ന മരണങ്ങളും കോവിഡ് മരണങ്ങളായി തന്നെ കണക്കാക്കണം.  മിക്ക ലോക രാഷ്ട്രങ്ങളും അങ്ങനെയാണ് ചെയ്യുന്നത്. ഇവിടെയും ആ നിലപാട് സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment