ഗള്‍ഫ് യാത്രക്കാര്‍ക്കു വിമാനക്കൊള്ള, യാത്രക്കാരെ മടക്കി അയയ്ക്കുന്നു

കൊല്ലം: ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികളും. എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി ചെക്ക് ഇന്‍ ചെയ്യാറാവുമ്പോള്‍ നടത്തുന്ന റാന്‍ഡം ചെക്ക് അപ്പിലൂടെ യാത്രക്കാരെ കെണിയിലാക്കുകയാണ് ചില കമ്പനികളെന്ന് ആക്ഷേപം ശക്തമാണ്. വിദേശത്ത് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ആ രാജ്യത്തേക്കു മടങ്ങുമ്പോള്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഈ രണ്ടു രേഖകളുമുള്ളവര്‍ക്ക് വിദേശത്തേക്ക് യാത്രാനുമതിയുണ്ട്.

ഇതു നിലനില്‍ക്കെയാണ് വിമാനക്കമ്പനികള്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം കൊല്ലത്തു നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാരനെ വിമാനക്കമ്പനി മടക്കി​അയച്ചു. ഷാര്‍ജയില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം യുഎഇ സര്‍ക്കാരിന്‍റെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച‌ ആളാണ്. കൂടാതെ വിദേശത്തേക്കു മടങ്ങുന്നതിന്‍റെ തലേ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തി. അതും നെഗറ്റീവ് ആയിരുന്നു.

എന്നാല്‍ വിമാനത്താവളത്തിലെത്തിയ ശേഷം ആന്‍റിജന്‍ പരിശോധന കൂടി വേണണെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടു. അതനുസരിച്ചുള്ള പരിശോധനാ ഫലം വന്നപ്പോള്‍ നെഗറ്റീ‌വ് ആയതിനാല്‍ യാത്ര അനുവദിച്ചില്ല. എന്നാല്‍ ക്യാന്‍സലേഷന്‍ കൂടി മുന്നില്‍കണ്ട് ഫ്ലക്സിബിള്‍ നിരക്കില്‍ ഉയര്‍ന്ന തുക നല്‍കി വാങ്ങിയ ടിക്കറ്റിനു റീഫണ്ട് അനുവദിച്ചതുമില്ല. യാത്ര തുടങ്ങുന്നതിനു എട്ടു മണിക്കൂര്‍ മുന്‍പ് വരെ മാത്രമേ ക്യാന്‍സലേഷന് അനുമതി നല്‍കൂ എന്നാണു കാരണം പറയുന്നത്. എന്നാല്‍ ആന്‍റിജന്‍ പരിശോധനയുടെ ഫലം വിമാനക്കമ്പനി നല്‍കുന്നത് വിമാനം പുറപ്പെടുത്തുന്നതിനു മൂന്നു മുതല്‍ ആറു വരെ മണിക്കൂര്‍ മുന്‍പ് മാത്രവും.

നിലവില്‍ സാധാരണയുടെ ഇരട്ടിയോളം തുകയാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്. ഫ്ലക്സിബിലിറ്റിയുടെ പേരില്‍ വീണ്ടും കൂടുതല്‍ പണം വാങ്ങുന്നു., അതിനു ശേഷമാണ് 2450 രൂപ കൂടി വാങ്ങി ആന്‍റിജന്‍ പരിശോധന നടത്തുന്നത്. പരിശോധിക്കുന്നവരുടെ അശ്രദ്ധയും കിറ്റിന്‍റെ ഗുണനിലവാരക്കുറവും മൂലം ഫലം ശരിയാവണമെന്നുമില്ല. ഇതും യാത്രക്കാരെ വലയ്ക്കുന്നു. കോവിഡ് മൂലം പ്രിത‌സന്ധിയിലായ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികളുടെ ഈ കൊടുംകൊള്ള താങ്ങാനാവുന്നതല്ല.

വിദേശ രാജ്യങ്ങളിലെ രണ്ടു ഡോസ് വാക്നിനും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും ഹാജരാക്കിയാല്‍ ആന്‍റിജന്‍ ടെസ്റ്റ് ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിമാനക്കമ്പനികള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. ഫ്ലക്സിബിള്‍ നിരക്കില്‍ ഉയര്‍ന്ന യാത്രക്കൂലി ഈടാക്കിയ ശേഷം മൂന്നു മണിക്കൂര്‍ വരെ പരിശോധനാ ഫലം വൈകിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് ഏറെ കഷ്ടം.

കേരളത്തില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കാണ് ഈ ദുരിതം. എന്നാല്‍ കൊളൊംബോ വഴി ഗള്‍ഫിലേക്കു യാത്രക്കൂലിയില്‍ വന്‍ ഇളവുകളാണ് വിമാനക്കമ്പനികള്‍ നല്‍കുന്നത്. ഇവിടെയുള്ള കൊള്ളയൊന്നും കൊളംബോ എയര്‍പോര്‍ട്ടിലില്ലെന്നും യാത്രക്കാര്‍ പറയുന്നു. നൂറു കണക്കാനു യാത്രക്കാരാണ് തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും കൊളംബോയിലെത്തെ ഗള്‍ഫ് നാടുകളിലേക്കും മറ്റും യാത്ര തിരിക്കുന്നത്. കുവൈറ്റിലേക്കുള്ള ഒരു ടിക്കറ്റിന് മുപ്പതിനായിരം രൂപയുടെ വരെ കുറവുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Related posts

Leave a Comment