വിദ്യാഭ്യാസ ഫീസിനും ജി.എസ്.ടി : എൻ.എസ്.യു.ഐ കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ പി ജി ഡിഗ്രി കളായ ഡി എൻ ബി കോഴ്സുകൾക്ക് ട്യൂഷൻ ഫീസിന്റെ കൂടെ ജി എസ് ടിയും ഏർപ്പെടുത്തി. രാജ്യത്തെ 1038 ഹോസ്പിറ്റലുകളിലായി 7500 ഓളം ഡോക്ടർമാരാണ് വിവിധ ഡി എൻ ബി കോഴ്‌സുകൾക്ക് പഠിക്കുന്നത്.
പുതിയ വിജ്ഞാപനം പ്രകാരം നിലവിലുള്ള വാർഷിക ഫീസായ125000 ന്റെ കൂടെ 18% ജി എസ് ടി യാണ് ചുമത്തിയത്. ഇതോടെ 22500 രൂപയും ചേർത്ത് 147500 രൂപയാണ് ട്യൂഷൻ ഫീസായി അടക്കേണ്ടത്. ധനകാര്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ ജൂണിലെ സർക്കുലർ പ്രകാരം കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളുടെ പരീക്ഷ സേവനങ്ങളും കോഴ്സുകളും ജി എസ് ടിയുടെ പരിധിയിൽ പെടുന്നതല്ല. ഇതിന്നു വിരുദ്ധമായാണ്
ഡി എൻ ബി കോഴ്സുകളുടെ ട്യൂഷൻ ഫീസിന് ജി എസ് ടിഏർപ്പെടുത്തിയത്. കാൽ ലക്ഷത്തോളം രൂപയാണ് ജി എസ് ടി യായി ഡി എൻ ബി കോഴ്സുകൾക്ക് ഈടാക്കുന്നത്. ട്യൂഷൻ ഫീസിന് ജി എസ് ടി ചുമത്തിയത് വിദ്യാർത്ഥികളെ ദ്രോഹിക്കലാണെന്ന് എൻ എസ് യു ഐ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകൽ കഠിനാധ്വാനം ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് ദേശീയ കോർഡിനേറ്റർ ഡോ: ബാസിത് വടക്കയിൽ ആവശ്യപ്പെട്ടു. അമിത ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദങ്ങളും അതിജീവിച്ച് പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ദ്രോഹത്തിന് ഇരകളാവുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഫീസിളവ് അനുവദിക്കുന്നതിന് പകരം ജി എസ് ടി കൂടെ ഉൾപ്പെടുത്തി കൂടുതൽ പ്രതിസന്ധിയി ലാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുന്നത്. വിദ്യാഭ്യാസ സേവനങ്ങൾക്ക് ജി എസ് ടി ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്നോട്ട് പോകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എൻ എസ് യു ഐ ദേശീയ കോർഡിനേറ്റർ ഡോ: ബാസിത് വടക്കയിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക്ക് എൽ മാണ്ഡവ്യയ്ക്ക് പരാതി നൽകി.

Related posts

Leave a Comment