നാലംഗകുടുംബം ആസിഡ്‌ കുടിച്ചു; മൂന്നുപേര്‍ മരിച്ചു

വൈക്കം: ചെമ്പ്‌ ബ്രഹ്‌മമംഗലത്തു നാലംഗകുടുംബം ആസിഡ്‌ കുടിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ മൂന്നുപേര്‍ മരിച്ചു. കല്യാണ പന്തലൊരുങ്ങേണ്ട വീട്ടുമുറ്റത്തു കല്യാണ പെണ്ണിന്റേയും മാതാപിതാക്കളുടേയും മൃതദേഹമാണ്‌ എത്തിക്കേണ്ടതെന്ന മനോവ്യഥയില്‍ നെഞ്ചുനീറി നില്‍ക്കുകയാണു സുകുമാരന്റെ സഹോദരന്‍ സന്തോഷ്‌. അടുത്ത മാസം 12നു ജ്യേഷ്‌ഠന്‍ സുകുമാരന്റെ മൂത്ത മകള്‍ സൂര്യയുടെ വിവാഹം നിശ്‌ചയിച്ചിരിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവിന്റെ വിവാഹാലോചന ഉറപ്പിച്ചതോടെ കുടുംബത്തിലാകെ ആഹ്ലാദം തിരതല്ലി. ജ്യേഷ്‌ഠന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്‌ഥിതി പരിതാപകരമായിട്ടും വിവാഹം കഴിക്കാന്‍ ഏറെ സന്തോഷത്തോടെ സന്നദ്ധനായി വന്ന യുവാവിനോടു എല്ലാവര്‍ക്കും വലിയ താല്‍പര്യമായിരുന്നു. ഏറെ സന്തോഷത്തോടെ കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ സൂര്യയ്‌ക്കു കോവിഡ്‌ ബാധിച്ചതോടെയാണു കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്‌. കോവിഡ്‌ ഭേദമായിട്ടും സൂര്യയുടെ ശാരീരിക അവശതകള്‍ മാറാതെ നിന്നു. കല്യാണമടുത്തു വരുന്നതിനിടയില്‍ മകള്‍ക്ക്‌ അസുഖം ബാധിച്ചതു സുകുമാരനെയും ഭാര്യ സിനിയേയും വലിയ പിരിമുറുക്കത്തിലാക്കിയിരുന്നു. ഇതിനിടയില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിവാഹം മൂന്നു മാസത്തേക്കു നീട്ടിവയ്‌ക്കാനും ബന്ധുക്കള്‍ ആലോചിച്ചു. ബന്ധുക്കള്‍ ഇക്കാര്യം പ്രതിശ്രുത വരന്റെ വീട്ടുകാരെ അറിയിച്ചപ്പോള്‍ വരനും വിവാഹം നീട്ടിവയ്‌ക്കാന്‍ തയ്യാറായി. നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടവും സുകുമാരന്റെ സന്തോഷ്‌ അടക്കമുള്ള സഹോദരങ്ങളും പറ്റാവുന്ന സഹായങ്ങള്‍ ചെയ്‌തു വിവാഹം മംഗളകരമാക്കാന്‍ ഒരുങ്ങി. കഴിഞ്ഞ ദിവസം വൈദ്യ പരിശോദനയില്‍ ജ്യേഷ്‌ഠന്‍ സുകുമാരനു പ്രമേഹം സ്‌ഥിരീകരിച്ചതു സുകുമാരനെ ഏറെ വിഷമിപ്പിച്ചിരുന്നതായി സഹോദരന്‍ സന്തോഷ്‌ പറയുന്നു.

Related posts

Leave a Comment