ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ നറുക്കെടുപ്പിലൂടെ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട ഗതികേടിൽ സി.പി.എം

നെടുമ്പാശ്ശേരി: തർക്കത്തെ തുടർന്ന് രണ്ട് വട്ടം നിർത്തിവെച്ച സി.പി.എം നെടുമ്പാശേരി ലോക്കൽ സമ്മേളനം പൂർത്തിയായി. സെക്രട്ടറിയായി പി.സി. സോമശേഖരനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടി വന്നു. ഏരിയ സമ്മേളനത്തിന് മുന്നോടിയായി മുഴുവൻ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ വിഭാഗീയത സൃഷ്ടിക്കുന്ന മത്സരങ്ങൾ പാടില്ലെന്ന പാർട്ടി നിർദ്ദേശങ്ങളൊന്നും ഇവിടെ നടപ്പായില്ല.

കഴിഞ്ഞ പത്തിന് ആദ്യം ചേർന്ന സമ്മേളനം പുതിയ കമ്മിറ്റിയുടെ പാനൽ പോലും തയ്യാറാക്കാനാകാതെ തർക്കത്തിൽ പിരിഞ്ഞു. പിന്നീട് 15ന് വീണ്ടും ചേർന്നപ്പോൾ ഔദ്യോഗിക പാനലിനെതിരെ നാല് പേർ മത്സരിച്ചതോടെ വീണ്ടും രൂക്ഷമായ വാഗ്വാദം നടക്കുകയും യോഗം കയാങ്കളി നടക്കുന്ന അവസ്ഥ വരെ എത്തിയതിനാൽ വീണ്ടും മുടങ്ങി. 15 അംഗ കമ്മിറ്റി 13 ആക്കാൻ നാല് പേരെ ഒഴിവാക്കി രണ്ട് പേരെ കൂട്ടിച്ചേർത്തു. മത്സരം ഒഴിവാക്കണമെന്ന നിർദ്ദേശം അംഗങ്ങൾ തള്ളിയതോടെ ജില്ലാ നിരീക്ഷകൻ സമ്മേളനം പിരിച്ച് വിടുകയായിരുന്നു. ഇന്നലെ വീണ്ടും ചേർന്നപ്പോൾ ലോക്കൽ കമ്മിറ്റിയുടെ അംഗബലം 12ആക്കി വീണ്ടും ചുരുക്കി. നിലവിലുള്ള കമ്മിറ്റിയിലുണ്ടായിരുന്ന സനീഷ് കുമാറിനെയാണ് ഒഴിവാക്കിയത്. സനീഷ് സെക്രട്ടറിയായ ബ്രാഞ്ചിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നതിനാൽ സമ്മേളനം പൂർത്തീകരിച്ചിരുന്നില്ല. അതിന്റെ പേരിൽ സനീഷിനെ ഒഴിവാക്കിയത് വലിയ തർക്കങ്ങൾക്ക് കാരണമായി. ബ്രാഞ്ചിൽ സനീഷിനെ ഭൂരിപക്ഷം പിന്തുണച്ചിട്ടും മത്സരത്തിന്റെ പേരിൽ സമ്മേളനം പിരിച്ചുവിട്ടവർ ലോക്കൽ കമ്മിറ്റിയിലേക്ക് സെക്രട്ടറിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തുവെന്നത് വിചിത്രമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ഭാഗ്യം തുണച്ച പി.സി. സോമശേഖരനെതിരെ സി.എ. ശിവനാണ് മത്സരിച്ചത്. ഇരുവർക്കും ആറ് വോട്ടുകൾ വീതം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കലിൻ്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. സി.പി.എം ൻ്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ സാമൂഹ്യ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട വൻ അഴിമതി വിവാദം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഒരു വിഭാഗം പ്രതിനിധികളുടെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട നാളുകളായി നടക്കുന്ന വിഭാഗീയതയുടെയും, ഗ്രൂപ്പ് പോരിൻ്റെയും തുടർച്ചയായിട്ടായിരുന്നു കമ്മിറ്റിയിലേക്ക് മത്സരം നടന്നത്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള യുവജനപ്രസ്ഥാനങ്ങളിലും ഇതിൻ്റെ ഭാഗമായുള്ള തർക്കങ്ങൾ നടന്ന് വരികയാണ്.

Related posts

Leave a Comment