ഗ്രീൻസ്‌റ്റോം ഗ്ലോബൽ ഫോട്ടോ ഫെസ്റ്റിവലിന് നാളെ (ശനിയാഴ്ച) തുടക്കമാകും

കൊച്ചി: പരിസ്ഥിതിസ്‌നേഹികളും ഫോട്ടോഗ്രഫിപ്രേമികളും ഏറെ കാത്തിരിക്കുന്ന 13-ാമത് ഗ്രീൻസ്‌റ്റോം ഗ്ലോബൽ ഫോട്ടോ ഫെസ്റ്റിവലിന് ശനിയാഴ്ച (നവംബർ 20) ഗ്രീൻസ്‌റ്റോമിന്റെ വെബ്‌സൈറ്റായ www.greenstorm.green-ൽ തുടക്കമാകും.

42 രാജ്യങ്ങളിൽ നിന്നുള്ള 3519 ഫോട്ടോഗ്രാഫർമാരാണ് ഇക്കുറി ഗ്രീൻസ്റ്റോം ഫോട്ടോഗ്രാഫി അവാർഡുകൾക്കായുള്ള ആദ്യഘട്ടത്തിൽ മത്സരിച്ചത്. യുഎസ്എ, യുകെ, റഷ്യ, ഇറാൻ, ഫിലിപ്പീൻസ്, അയർലണ്ട്, മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

യുഎൻഇപിയുെട സഹകരണത്തോടെ നടത്തി വരുന്ന മത്സരത്തിന്റെ ഈ പ്രദർശനഘട്ടത്തിൽ നിന്ന് പ്രമുഖരുൾപ്പെട്ട ജൂറി 25 ചിത്രങ്ങൾ തെരഞ്ഞെടുത്തു. ഈ 25 ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശനത്തിനും പ്രേക്ഷകരുടെ വോട്ടിംഗിനുമായി എത്തിയിരിക്കുന്നത്. അഡ്വർടൈസിംഗ് ഗുരു പ്രതാപ് സുതനാണ് ഈ വർഷത്തെ ജൂറി ചെയർപെഴ്‌സൺ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫർ ഐശ്വര്യ ശ്രീധർ, ബംഗളൂരുവിൽ നിന്നുള്ള ലാൻഡ്‌സേക്പ് ആർക്കിടെക്റ്റ് മൈക്ക്ൾ ലിറ്റ്ൽ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

ഓരോ വർഷവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ എൻട്രികൾ വരുന്നത് ഗ്രീൻസ്‌റ്റോം ഫോട്ടോഗ്രാഫി അവാർഡിന്റെ പ്രസക്തി വർധിച്ചു വരുന്നതിന്റെ സൂചനയാണെന്ന് ജൂറി ചെയർമാൻ പ്രതാപ് സുതൻ പറഞ്ഞു. പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിൽ നമുക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ബോധവൽക്കരണം സൃഷ്ടിക്കാൻ ഈ മത്സരത്തിനും പ്രദർശനത്തിനും സാധിക്കുന്നുണ്ട്. ഒപ്പം മനോഹരമായ കലാസൃഷ്ടികൾ കൂടിയാണ് ഇവിടെ മത്സരിക്കുന്ന ഈ ഫോട്ടോഗ്രാഫുകൾ, പ്രതാപ് സുതൻ പറഞ്ഞു.

ബംഗാളിലെ ഒരു കടൽത്തീരത്ത് ഇഴഞ്ഞു നീങ്ങുന്ന നൂറു കണക്കിന് റെഡ് ഗോസ്റ്റ് ഞണ്ടുകളുടെ കൂട്ടം, മ്യാൻമറിലെ സാക്കാ ഇൻ ഗ്രാമത്തിൽ അവിശ്വസനീയമായി കാണപ്പെടുന്ന ഒരു തടാകത്തിനു നടുവിലെ കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി പൊളിഞ്ഞു വീഴാറായ ഒരു പാലം കടന്നു പോകുന്ന പെൺകുട്ടി, ഇറാനിലെ നവവത്സരാഘോഷമായ നവ്രൂസിനായി അലങ്കരിച്ച ബസ്സിൽ യാത്ര ചെയ്യുന്ന പ്രായം ചെന്ന ദമ്പതിമാർ, ബംഗ്ലാദേശിലെ റീസൈക്ക്‌ളിംഗ് ഫാക്ടറിയിലെ പ്ലാസ്റ്റിക് കുപ്പികളുടെ മലയിൽ വിശ്രമിക്കുന്ന വനിതാജോലിക്കാർ, 2019ലെ വെള്ളപ്പൊക്ക സമയത്ത് ആലപ്പുഴ-നാകപ്പുഴ ജലപാതയിലൂടെ ഒഴുകിനടക്കുന്ന തെർമോക്കോൾ കണ്ടെയ്‌നറിൽ മുള പൊട്ടിയ അപൂർവമായ ഒരു കണ്ടൽച്ചെടി… ഇത്തവണത്തെ പ്രദർശന മത്സരത്തിന് അണിനിരക്കുന്ന മനോഹരങ്ങളായ ഫോട്ടോഗ്രാഫുകൾ പറയുന്ന കഥകളിൽ ചിലതാണ് ഇവ. ഇത്തരം 25 ചിത്രങ്ങളാണ് പ്രകൃതിയുടെ പുനരുത്ഥാനത്തിനു വേണ്ടി ഗ്രീൻസ്റ്റോമിന്റെ വെബ്‌സൈറ്റിൽ കണ്ണുകളെ തേടുന്നത്.

സന്ദർശകർക്ക് ഓൺലൈനിലൂടെ അവരവർക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾക്ക് വോട്ടു ചെയ്യാം. പ്രവേശനം സൗജന്യം. ജൂറി മാർക്കുകളുടേയും വോട്ടുകളുടേയും അടിസ്ഥാനത്തിൽ വിജയികളെ തെരഞ്ഞെടുക്കും. യുഎൻഇപിയുടെ ലോകപരിസ്ഥിതിദിന ഇതിവൃത്തത്തിലൂന്നിക്കൊണ്ട് പച്ച പാരമ്പര്യം പുനസ്ഥാപിക്കുക എന്നതായിരുന്നു ഇത്തവണത്തെ മത്സരവിഷയം. തങ്ങളുടെ ചുറ്റുപാടുമുള്ള പ്രകൃതിയുടെ പുനരുജ്ജീവനഗാഥകൾ ക്യാമറയിലാക്കാനായിരുന്നു ഫോട്ടോഗ്രാഫർമാരുടെ വെല്ലുവിളി.

ഡിസംബർ 15 വരെ ഓൺലൈൻ പ്രദർശനം തുടരും. വിജയികൾക്ക് മൊത്തം 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും.

ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം നടത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു. പ്രകൃതിയുടെ പുനരുജ്ജീവനത്തിനും പുനസ്ഥാപനത്തിനും ഫോട്ടോഗ്രാഫർമാർക്ക് സർഗാത്മകമായി എന്തു ചെയ്യാൻ കഴിയും എന്ന അന്വേഷണമാണ് ഇതിലൂടെ മുന്നോട്ടു വെയ്ക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് ട്രസ്റ്റായ ഗ്രീൻസ്റ്റോം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇതുവരെ 52 രാജ്യങ്ങളിലെത്തിയിട്ടുണ്ട്. 12 വർഷത്തിനിടെ 1.2 കോടി ആളുകൾ വിവിധ പ്രദർശനങ്ങൾ കണ്ടു.

Related posts

Leave a Comment