ബംഗളുരുവിൽ നിന്നും മലബാറിലേക്ക് പുതിയ സർവ്വീസിനും നിലവിലെ സർവ്വീസ് നീട്ടുന്നതിനും പച്ചകൊടി

കോഴിക്കോട്: ബംഗളുരുവിൽ നിന്നും മലബാറിലേക്ക് പുതിയ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നതിനും 06515/16 നമ്പർ ബാംഗ്ലൂര്‍-കണ്ണൂര്‍ ട്രെയിന്‍ സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടുന്നതിനും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായതായി എംകെ രാഘവന്‍ എം പി അറിയിച്ചു.

മലബാറില്‍ നിന്നും ബാംഗ്ലൂരിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതും നിലവിലെ സര്‍വ്വീസുകള്‍ നീട്ടുന്നതുമായ് ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ചീവ് കിഷോറുമായി ഹൂബ്ലിയിലെ സൗത്ത് വെസ്റ്റേണ്‍ റേയില്‍വേ ഹെഡ് ക്വാട്ടേഴ്സില്‍ വെച്ച് എംപി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.മലബാറിന്‍റെ വാണിജ്യ, വിദ്യാഭ്യാസ, സാംസ്കാരിക തലസ്ഥാനമായ കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് നിലവിലുള്ളത്. കോവിഡിന് മുന്‍പ് 16527/28 എന്ന ട്രെയിനും പിന്നീട് കോവിഡ് കാലത്ത് ഈ സര്‍വ്വീസ് നിര്‍ത്തി സമയത്തില്‍ മാറ്റം വരുത്തി സ്പെഷ്യല്‍ സര്‍വ്വീസായി 07390/89 എന്ന ട്രെയിനുമാണ് ഉണ്ടായിരുന്നത്.

നിലവില്‍ ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലബാറില്‍ നിന്നുമുള്ള യാത്രകാര്‍ക്ക് ഇപ്പോഴുള്ള ഒരേയൊരു ട്രെയിന്‍ സര്‍വ്വീസ് അപര്യാപതമാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഒരു ശതമാനം പേരെ പോലും ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ സര്‍വ്വീസിനാവില്ല. ഇക്കാരണത്താല്‍ തന്നെ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ-സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. രാത്രികാല യാത്രാ നിരോധനത്തിന് ശേഷം യാത്രക്കാർ ചൂഷണം ചെയ്യപ്പെടുകയാണ്.നിലവില്‍ ബാംഗ്ലൂരില്‍ നിന്നും കണ്ണൂര്‍ വരെയുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ട്രെയിന്‍ നമ്പര്‍ 06515/16 ന്‍റെ സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടുന്നതിൽ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് എതിര്‍പ്പ് ഇല്ലെന്ന കാര്യവും നിലവിലെ ഈ റൂട്ടിലെ ട്രെയിൻ സർവ്വീസുകളുടെ അപര്യാപ്തയും നിരന്തരമുള്ള അഭ്യർത്ഥനകളും കണക്കിലെടുത്ത് പുതിയ സർവ്വീസ് ആരംഭിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവെ സന്നദ്ധവുമാണെന്ന് അറിയിച്ചു.

ഇതിനായ് സതേൺ റെയിൽ വേയുടെ ഭാഗത്ത് നിന്ന് കൂടി സന്നദ്ധത അറിയിച്ച് പ്രപ്പോസൽ ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ മാനേജർ കൂടികാഴ്ചയിൽ എം പിയെ അറിയിച്ചു.06515/16 ട്രെയിന്‍ കണ്ണൂരിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ആറ് മണിക്കൂറോളം സമയം കണ്ണൂരില്‍ നിര്‍ത്തിയിടുകയാണ്. ഈ ആറുമണിക്കൂറോളം സമയം ഫലപ്രദമായി വിനിയോഗിച്ച് കോഴിക്കോട് വരെ നീട്ടാന്‍ സാധിക്കുമെന്ന എം പി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ നോ ഒബ്ജഷന്‍ അനുവദിച്ചത്. തുടർ നടപടികൾ സതേൺ റെയിൽവേയുടെ ഭാഗത്ത് നിന്നുമാണ് ഉണ്ടാവേണ്ടത്.

560 കി.മി ഓളം ദൂരമുള്ള നിലവിലുള്ള റൂട്ടിന്റെ ദൂരം കുറക്കുന്നതിന് പരിഗണനയിലുള്ളതും പ്രഥമ പരിഗണന നൽകേണ്ടതുമായ നിലമ്പൂർ നഞ്ചങ്കോട് പാത സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്ന മുറക്ക് പരിഗണിക്കാമെന്ന് ജി.എം വ്യക്തമാക്കി. പാത യാഥാർത്ഥ്യമായാൽ ഈ റൂട്ടിലെ യത്രാ ദൈർഘ്യത്തിൽ കാര്യമായ കുറവ് വരും. അതോടൊപ്പം രണ്ടാമതായി ദൈർഘ്യം കുറക്കാൻ കോയമ്പത്തൂർ ചാമരാജ നഗർ പുതിയ പാത എന്ന നിർദ്ദേശവും എം പി മുന്നോട്ട് വെച്ചു.പ്രധാനപ്പെട്ട ആവശ്യങ്ങളിൽ സൗത്ത് വെസ്റ്റേൺ റെയിൽ വേയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങൾ വന്ന പശ്ചാത്തലത്തില്‍ സതേണ്‍ റെയില്‍വെയുടെ ഭാഗത്ത് നിന്നുള്ള തുടര്‍നടപടികള്‍ക്കായി ചെന്നൈയില്‍ വെച്ച് ജനറല്‍ മാനേജരുമായി ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ കൂടികാഴ്ച നടത്തുമെന്നും എം പി വ്യക്തമാക്കി.

ആവശ്യം സതേണ്‍ റെയില്‍വെ കൂടി അംഗീകരിച്ചാല്‍ കോഴിക്കോട് നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തകളായിരിക്കും വരും ദിവസങ്ങളിൽ.ജന.മാനേജർക്കും, എം.പിക്കും പുറമെ ചീഫ് പാസഞ്ചർ ട്രാസ്പോർട്ടേഷൻ മാനേജർ രാജലിംഗം ബസു, ഡെപ്യുട്ടി ജന.മാനേജർ ആശിഷ് പാണ്ടെ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment