കായിക താരങ്ങളുടെ ഗ്രേസ് മാർക്ക്: രണ്ടുദിവസത്തിനുള്ളിൽ തീരുമാനമെന്ന് മന്ത്രി

തിരുവനന്തപുരം: കായിക താരങ്ങളായ വിദ്യാർഥികളുടെ ഗ്രേസ്‌ മാർക്ക്‌ സംബന്ധിച്ച കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കായിക മന്ത്രി വി. അബ്ദു റഹ്മാൻ. ഈ വിഷയം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്‌തു. രണ്ട്‌ സ്‌പോർട്‌സ്‌ സർട്ടിഫിക്കറ്റുകളുടെ  വിതരണം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കാൻ നടപടി സ്വീകരിക്കും. അതിന് പുറമെ നിലവിലെ സംവിധാനങ്ങൾ മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. എൽകെജി മുതൽ കുട്ടികളുടെ  പാഠ്യപദ്ധതിയിൽ  കായികകാര്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സ്‌പോർട്‌സ്‌ കേരള ലിമിറ്റഡ്‌  എന്ന സംവിധാനം അടുത്ത മാസം പ്രവർത്തനം ആരംഭിക്കും.ഈ സ്ഥാപനത്തിന്റെ ചെയർമാൻ കായിക മന്ത്രിയായിരിക്കും. മാനേജിങ് ഡയറക്ടറായി സ്പോർട്സ് ഡയറക്ടറെ നിയമിക്കും.  കായിക മത്സരങ്ങളുടെ സംഘാടനം, ഏകോപനം, സ്‌റ്റേഡിയങ്ങളുടെ പരിപാലനം, അറ്റകുറ്റ പ്രവൃത്തികൾ തുടങ്ങിയ ചുമതലകൾ സ്‌പോർട്‌സ്‌ കേരള ലിമിറ്റഡ്‌ വഹിക്കും. നിലവിൽ സംസ്ഥാനത്തെ സ്റ്റേഡിയങ്ങൾ ഉൾപ്പെടെ നശിക്കുന്ന സംഭവങ്ങൾക്ക് ഈ സംവിധാനം വരുന്നതോടെ പരിഹാരമാകുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.  
തിരുവനന്തപുരത്ത്‌ നിർമിക്കുന്ന കായിക ഭവന്റെ ടെണ്ടർ  ഉടൻ വിളിക്കും. കുട്ടികളുടേയും  മുതിർന്നവരുടേയും കായികക്ഷമത ഒരുപോലെ വർധിപ്പിക്കുന്ന നിലയിലുള്ള സമഗ്രമായ കായിക നയം ജനുവരിയിൽ നിലവിൽ വരും.   മുഴുവൻ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമിക്കും. കളിക്കളമില്ലാത്ത പഞ്ചായത്തുകളുടെ ലിസ്‌റ്റുകൾ തയ്യാറാക്കൽ പുരോഗമിക്കുകയാണ്‌.  സംസ്ഥാനത്തിന്റെ  ജലകായിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related posts

Leave a Comment