കായിക താരങ്ങൾ സമരം ശക്തമാക്കിയതോടെ ചർച്ചക്ക് സർക്കാർ

തിരുവനന്തപുരം: വാഗ്ദാനം ചെയ്യപ്പെട്ട ജോലി നൽകാതെ വഞ്ചിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് പടിക്കലെ സമരം ശക്തമാക്കിയതോടെ കായികതാരങ്ങളുമായി ചർച്ചയ്ക്ക് തയാറായി സർക്കാർ. സമരം ചെയ്യുന്ന താരങ്ങളെ കായിക മന്ത്രി വി.അബ്ദുറഹിമാൻ ചർച്ചയ്ക്കു വിളിച്ചു. 16ന് രാവിലെ 11 മണിക്കാണ് കായിക താരങ്ങളുമായുള്ള മന്ത്രിയുടെ ചർച്ച. ഫീൽഡിലും ട്രാക്കിലും കേരളത്തിന്റെ യശസ്സുയർത്തിയ കായികതാരങ്ങൾ അർഹതപ്പെട്ട ജോലിക്കായി സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിവരുന്ന സമരം 13 ദിവസം പിന്നിട്ടപ്പോഴാണ് ചർച്ചയ്ക്ക് വിളിച്ചത്. സെക്രട്ടേറിയറ്റിനു മുൻപിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും താരങ്ങൾ പ്രതിഷേധിച്ചിരുന്നു. സർക്കാർ തങ്ങളോട് മുട്ടിലിഴാനാണ് പറയുന്നതെങ്കിൽ അതിനും തങ്ങൾ തയാറാണെന്ന സൂചിപ്പിച്ച് ഇന്നും മുട്ടിലിഴഞ്ഞുള്ള സമരം നടന്നിരുന്നു.
ദേശീയ ഗെയിംസ് ഉൾപ്പെടെ കായിക മത്സരങ്ങളിൽ മെഡൽ നേടിയ 44 പേരാണു സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ചെയ്യുന്നത്. സർക്കാരിന്റെ നിയമന അറിയിപ്പ് ലഭിച്ചവരാണ് ഇവരെല്ലാം. ഓരോ വർഷവും സർക്കാർ ജോലികളിൽ 50 എണ്ണം വീതമാണു കായിക താരങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു പ്രത്യേക റാങ്ക്പട്ടിക തയാറാക്കിയാണു നിയമനം നൽകുന്നത്. എന്നാൽ 2010 മുതലുള്ള അഞ്ചു വർഷം 250 പേർക്ക് അവകാശപ്പെട്ട നിയമനം നടന്നിട്ടില്ലെന്നും ഒരാൾക്കു മാത്രമാണു ജോലി കിട്ടിയതെന്നും കായികതാരങ്ങൾ പറയുന്നു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു നികത്താത്ത 249 ഒഴിവുകൾ ഉൾപ്പെടെ പിണറായി സർക്കാർ ആകെ 580 പേർക്കു നിയമനം നൽകിയെന്നാണു കായികവകുപ്പിന്റെ അവകാശവാദം. എന്നാൽ മുൻ ഒഴിവിലെ 195 നിയമനം ഉൾപ്പെടെ ആകെ 451 പേർക്കേ ജോലി നൽകിയിട്ടുള്ളൂവെന്നു സമരക്കാർ വാദിക്കുന്നു. ഈ സർക്കാരിന്റെ കാലത്തെ 54 ഒഴിവുകളിലും നിയമനം നടത്താനുണ്ട്.

Related posts

Leave a Comment