ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തും

ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തി. കോവിഡ് -19 കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഡൽഹിയിൽ ബുധനാഴ്ച 2,146 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്കും 17.83 ശതമാനമായി ഉയർന്നു.

എട്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഈ മാസം ഇതുവരെ 32 കൊവിഡ് മരണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ന്റെ വകഭേദമായ ബിഎ 2.75 ന്റെ പുതിയ ഉപ വകഭേദം ഡൽഹിയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ നടത്തിയ പഠനത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദം വളരെ വ്യാപന ശേഷിയുള്ളതാണെന്നാണ് വിവരം.

Related posts

Leave a Comment