വൈരാഗ്യം തീര്‍ത്ത് സര്‍ക്കാര്‍:കരുവന്നൂര്‍ കൊള്ള പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കെ.ജി.ഒ.യു നേതാവിന്റെ ഉദ്യാഗക്കയറ്റം തടയാനും നീക്കം

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ പണം കൊള്ളയടിച്ച സിപിഎം നേതാക്കള്‍ സ്വയം രക്ഷയ്ക്കായി ഉദ്യോഗസ്ഥരെ കുരുതികൊടുക്കുന്നു.
തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കൊപ്പം തെറ്റ് ചെയ്യാത്തവരെയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്. സിപിഎമ്മിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന സഹകരണ ഉദ്യോഗസ്ഥയെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. സസ്പെന്‍ഷന്‍ ശിക്ഷയല്ലെങ്കിലും നടപടിയാണ്. പതിനാറ് പേരെയാണ് സസ്പെന്റ് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥരാണ്.
അതില്‍ ഒരാള്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ (കെജിഒയു) തൃശൂര്‍ ജില്ലാ സെക്രട്ടറിയുമാണ്. സഹകരണ വകുപ്പ് ഓഡിറ്റ് ഉദ്യോഗസ്ഥയായ ടി.കെ.ഷെര്‍ളിയാണ് കരുവന്നൂര്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ജനങ്ങളുടെ നിക്ഷേപം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സൂചന നല്‍കിയത് ഈ ഉദ്യോഗസ്ഥയാണ്. തട്ടിപ്പിലേക്ക് വെളിച്ചം വീശിയതിന് ഉത്തരവാദിയും ഇവരാണ്. എന്നാല്‍ ഇവരെയും സസ്പെന്റ് ചെയ്തത് സഹകരണ വകുപ്പിലെ ജീവനക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്. 2018-19 കാലത്താണ് ഓഡിറ്റര്‍ ഷെര്‍ളി ക്രമക്കേട് പുറത്ത്കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നു.
മാത്രമല്ല തൃശൂരിലെ സിപിഎം മന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഒത്താശ കരുവന്നൂരിലെ സിപിഎം നേതാക്കള്‍ക്കുണ്ടായിരുന്നു.
കൊട്ടാരക്കര സഹകരണ കോളജ് പ്രിന്‍സിപ്പലായ പി.രാമചന്ദ്രനാണ് കെജിഒയു ജില്ലാ സെക്രട്ടറി. ഇദ്ദേഹത്തിന് കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും പങ്കില്ല. തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ 2016 മാര്‍ച്ച് 1 മുതല്‍ ജൂണ്‍ വരെ നാല് മാസമായിരുന്നു രാമചന്ദ്രന്‍ ജോലി ചെയ്തത്. ഈ സമയത്ത് കരുവന്നൂര്‍ വിഷയം അദ്ദേഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഡെപ്യൂട്ടി രജിസ്ട്രാറായ രാമചന്ദ്രന്‍ ഇപ്പോള്‍ ഉദ്യോഗകയറ്റം ലഭിച്ച് ജോയിന്റ് രജിസ്ട്രാര്‍ ആകേണ്ട ആളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനൂകൂല സംഘടനാഭാരവാഹിയായതിനാല്‍ പ്രമോഷന്‍ തടയാനാണ് സസ്പെന്റ് ചെയ്തത്.
രാമചന്ദ്രനെ പലവിധത്തിലും സഹകരണ വകുപ്പ് ഭരിക്കുന്ന സിപിഎം ദ്രോഹിച്ചിട്ടുണ്ട്. ആദ്യം കാസര്‍കോഡ്, മലപ്പുറം ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റി. അതിലും പ്രതികാരം തീരാതെ കൊട്ടാരക്കരയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു.
ശേഷിക്കുന്ന പതിമൂന്ന് ഉദ്യോഗസ്ഥര്‍ സിപിഎം അനുകൂല സംഘടനയില്‍പെട്ടവരാണ്. ഇവരെല്ലാം കരുവന്നൂര്‍ തട്ടിപ്പില്‍ മൗനം പാലിച്ചവരാണ്. അത് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു. എന്നാല്‍ അവര്‍ക്കൊപ്പം കോണ്‍ഗ്രസ് അനുകൂലികളെയും സസ്പെന്റ് ചെയ്തില്ലെങ്കില്‍ ഏകപക്ഷീയമായി കുറ്റം സിപിഎം നേതൃത്വത്തില്‍ ആരോപിക്കപ്പെടുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. സഹകരണവകുപ്പിന്റെ നടപടി ജീവനക്കാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ നടപടിയെടുത്താല്‍ മറ്റ് ബാങ്കുകളിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കും. അതാണ് പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. തൃശൂരില്‍ സിപിഎം ഭരിക്കുന്ന നാല് ബാങ്കുകള്‍ എപ്പോള്‍ വേണമെങ്കിലും പൊളിയുമെന്ന അവസ്ഥയാണ്. കൂട്ട സസ്പെന്‍ഷന്‍ എന്നാണ് സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാനവാര്‍ത്ത. ഇങ്ങനെ വാര്‍ത്ത കൊടുത്ത്് തങ്ങളല്ല കുറ്റക്കാരെന്ന് ജനത്തെ ബോധ്യപ്പെടുത്തുവാനുള്ള കൃത്രിമ മാര്‍ഗമാണ്.

Related posts

Leave a Comment