Kerala
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവും: വി ഡി സതീശന്‍
തിരുവനന്തപുരം: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാല് ലക്ഷം രൂപ മാസ വരുമാനമുള്ള ഔഡി കാറുള്ള കര്‍ഷകനാണോ കേരളത്തിലെ ഒരു സാധാരണ കര്‍ഷകന്റെ പ്രതീകം. ഔഡി കാറുള്ള കര്‍ഷകനെ പോലെയാണോ വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന കര്‍ഷകര്‍. ഓരോ പ്രദേശത്തും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്. കേരളത്തിലെ കാര്‍ഷിക മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
തെങ്ങ് കയറുന്നതിന് കൊടുക്കേണ്ട കൂലി നാളികേരം വിറ്റാല്‍ കിട്ടാത്ത അവസ്ഥയാണ്. നാളികേരത്തിന്റെ സംഭരണ വില 34 രൂപയായി പ്രഖ്യാപിച്ചു. നാളികേര സംഭരണം കൃത്യമായി നടന്നിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ. പക്ഷെ കേരളത്തിലെ നാളികേര സംഭരണം വിജയകരമാണോ 50,000 ടണ്‍ നാളികേരം സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ട് അഞ്ചില്‍ ഒന്ന് മാത്രമെ സംഭരിക്കാനായുള്ളൂ. അതേസമയം തമിഴ്നാട് 50,000 ടണ്‍ സംഭരിക്കുകയും 35,000 ടണ്‍ കൂടി സംഭരിക്കാനുള്ള പ്രത്യേക അനുമതി നേടുകയും ചെയ്തു. തമിഴ്നാട് എണ്‍പതിനായിരത്തോളം ടണ്ണിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ നാളികേര സംഭരണം പരാജയപ്പെട്ടു.
സംഭരണ സ്ഥലത്തേക്ക് നാളികേരം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി പോലും ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ സംഭരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംഭരണ വില 34-ല്‍ നിന്നും 40 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്. നാളികേരത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്നവും ഇല്ലെന്ന് മന്ത്രി പറയുന്നത് തെറ്റാണ്. സംഭരണം പരാജയപ്പെടുകയും നാളികേര കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുകയും ചെയ്യുകയാണ്. കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടോ മുഖ്യമന്ത്രിയുടെ ചിരിയും ധനകാര്യ കൃഷി മന്ത്രിമാരുടെ സന്തോഷവും കണ്ടപ്പോള്‍ റബറിന്റെ വില കൂട്ടുമെന്നാണ് കരുതിയത്. പക്ഷെ പത്ത് രൂപ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി നിരാശപ്പെടുത്തി. പ്രഖ്യാപിച്ച താങ്ങുവില പോലും നല്‍കുന്നില്ല.
2020 ന് ശേഷം കര്‍ഷക കടാശ്വാസ കമീഷന്‍ അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പല സഹകരണ ബാങ്കുകളിലും സര്‍ക്കാര്‍ വിഹിതം നല്‍കാത്തത് കൊണ്ട് വായ്പ അടച്ചു തീര്‍ത്തവര്‍ക്ക് രേഖകള്‍ പോലും നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവും നല്‍കാത്ത കമീഷനായി കടാശ്വാസ കമീഷന്‍ മാറി. വ്യാപകമായ ജപ്തി നടപടികളാണ് കാര്‍ഷിക മേഖലയില്‍ നടക്കുന്നത്. 12000 കോടിയുടെ ഇടുക്കി പാക്കേജും 7000 കോടിയുടെ വയനാട് പാക്കേജും 5000 കോടിയുടെ കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതില്‍ വയനാട്ടില്‍ കാപ്പി സംഭരണത്തിന് 50 ലക്ഷം മാത്രമാണ് നല്‍കിയത്. പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. ഒരു കര്‍ഷകരെയും നിങ്ങള്‍ സഹായിക്കുന്നില്ല. കുട്ടനാട്ടില്‍ കടം കയറി എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും സതീളന്‍ പറഞ്ഞു.
Kerala
വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കും: വി ഡി സതീശൻ
പാലക്കാട്: വരുന്ന തെരഞ്ഞെടുപ്പിൽ വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെയും അദ്ദേഹം ഉയർത്തി കാട്ടുന്ന രാഷ്ട്രീയത്തെയും നെഞ്ചിലേറ്റിയിരിക്കുന്നു. പാലക്കാട് മാത്രമല്ല ചേലക്കരയും യുഡിഎഫ് തിരികെ പിടിക്കും. അത്രമേൽ പിന്തുണ കേരളമാകെ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നു. ഈ സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ പ്രതിഷേധിക്കുവാൻ ജനങ്ങൾ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിപിഎം സഹയാത്രികർ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവ് പോലും ഈ ഭരണത്തെ ജനങ്ങളും പ്രവർത്തകരും മടുത്തതായി തുറന്നു കാട്ടിയിരുന്നു. നാട്ടിൽ വർഗീയത ആഴത്തിൽ പടർത്തി മതേതര ജനാധിപത്യ ചേരിയെ തകർക്കുവാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം യുഡിഎഫ് ആണ് നയിക്കുന്നത്. രണ്ടാമത് എത്തുവാൻ വേണ്ടി അല്ല സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിലകൊള്ളുന്നത്. മറിച്ച് ബിജെപിയുടെ വിജയത്തിനുവേണ്ടി വഴിയൊരുക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. കേരളത്തിൽ സംഘപരിവാറിന് ഒരു ഇടം ഉണ്ടാക്കി നൽകുവാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനും സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന് എതിരായിട്ടുള്ള ജനവിധിയാകും പാലക്കാട് നൽകുക. യുഡിഎഫിന് എല്ലാകാലത്തും നെഞ്ചിലേറ്റിയ പാലക്കാട്ടെ ജനത രാഹുലിനെ ഉജ്വലഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റത്തിനുള്ള തിരികൊളുത്തിലാകും ഇവിടുത്തെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോരിച്ചൊരിയുന്ന മഴയിലും, ചോരാത്ത ആവേശവുമായി യുഡിഎഫ് റോഡ് ഷോ
പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കപ്പെട്ട റോഡ് ഷോ മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങിയത്. റോഡ് ആരംഭിച്ച് കുറച്ചു സമയത്തിനകം കനത്ത മഴ പെയ്തെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ആവേശത്തിരയിളക്കി റോഡ് ഷോ വലിയ മുന്നേറ്റമായി. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് റോഡ് ഷോ മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ, എൻ ഷംസുദ്ദീൻ എംഎൽഎ, പി കെ ഫിറോസ്, മരക്കാർ മാരായമംഗലം, സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Kasaragod
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം 6 ആയി
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News12 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login