മഴ, ഉരുൾ, ​ഗവർണർ സന്ദർശനം റദ്ദാക്കി

കോട്ടയം: കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് നിശ്ചയിച്ചിരുന്ന സന്ദർശനം ഒഴിവാക്കി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഇന്നലെ വൈകിട്ട് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിലാണ്. മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.


കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്138.50 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവു വന്നതോടെ സ്പിൽവേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇതിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.

Related posts

Leave a Comment