സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഗവർണറുടെ നിലപാട് : കെ എസ് യു

സര്‍വ്വകലാശാലകളിലെ നിയമനകാര്യങ്ങളിലെ ഗവണ്മെന്റ് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നു എന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലും വേണമെങ്കില്‍ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളൂവെന്ന ഗവര്‍ണ്ണറുടെ പരിഹാസം നിറഞ്ഞ അഭ്യര്‍ത്ഥനയും സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ആറു വര്‍ഷക്കാലമായി നടക്കുന്ന നിയമനങ്ങളിലെ ക്രമക്കേട് ആരോപണം ശരിവെക്കുന്നതാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് . സര്‍വ്വകലാശാല ചട്ടമനുസരിച്ച് സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിന് പരിമിതമായ അധികാരങ്ങളെ ഉള്ളൂ. എന്നാല്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഉള്ളത്. അതിനാല്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുനര്‍നിയമിക്കണമെന്നു ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തു നല്‍കിയത് അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവുമാണ്. വൈസ് ചാന്‍സലറുടെ പുനര്‍നിയമനം നിലവിലെ എല്ലാ ചട്ടങ്ങള്‍ക്കും എതിരുമാണ്. അതിനാല്‍ മന്ത്രിയ്ക്കും വൈസ് ചാന്‍സലര്‍ക്കും തത്സ്ഥാനങ്ങളില്‍ തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. മാര്‍ക്കുദാനവും പരീക്ഷാതട്ടിപ്പുകളും അമിതമായ രാഷ്ട്രീയവല്‍ക്കരണവും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. മുൻപെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടികള്‍ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പിണറായി സര്‍ക്കാരിന് കേരള സമൂഹത്തിനു മുമ്പാകെ നാളെ മാപ്പു പറയേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related posts

Leave a Comment