സ്ത്രീരക്ഷയ്ക്കു വേണ്ടി ഭരണത്തലവന്‍റെ ഉപവാസം നാളെ

  • ഗവര്‍ണറുടെ ഉപവാസം അപൂര്‍വങ്ങളില്‍ അത്യപൂര്‍വം

തിരുവനന്തപുരംഃ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കു നടക്കുന്ന അതിക്രമങ്ങളിലും സ്ത്രീധനത്തിന്‍റെ പേരിലുള്ള ആത്മഹത്യകളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കും. രാജ്ഭവനില്‍ രാവിലെ എട്ടു മുതലാണ് ഉപവാസം. വൈകുന്നേരം നാലര വരെ രാജ്ഭവനിലും അതുകഴിഞ്ഞ് ഗാന്ധിസ്മ‌ാരകത്തിലുമാണ് ഉപവാസം. സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണം എന്നാണു ഗവര്‍ണറുടെ വിശദീകരണമെങ്കിലും കേരളത്തില്‍ സമീപകാലത്തുണ്ടായിട്ടുള്ള സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരായ മുന്നറിയിപ്പാണ് ഗവര്‍ണറുടെ സമരം എന്നാണു വിലയിരുത്തപ്പെടുന്നത്.

സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഭരണത്തലവനായ ഗവര്‍ണര്‍ സംസ്ഥാനത്തെ സ്ത്രീപീഡനത്തിനെതിരേയോ മറ്റ് ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലോ ഉപവസിക്കുകയോ നേരിട്ട് മറ്റ് സമരമുറകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിലായി സംസ്ഥാനത്ത് അര ഡസണോളം സ്ത്രീകളാണ് സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ടിട്ടുള്ളത്. സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ട വീട്ടമ്മയോട് അപമര്യാദയായി സംസാരിച്ചതിന്‍റെ പേരില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. സ്ത്രീകള്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേയും നടക്കുന്ന മിക്കവാറും കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരോ നേതാക്കള്‍ തന്നെയൊ ആകുന്നതും പതിവായിട്ടുണ്ട്.

ക്രിമിനലുകളെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഏല്പിക്കുന്നതിനെതിരേ സിപിഎമ്മില്‍ത്തന്നെ കടുത്ത എതിര്‍പ്പുകളുണ്ട്. പാലക്കാട് വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഇന്ന് സിബിഐ തെളിവെടുപ്പ് തുടങ്ങിയതും യാദൃച്ഛികം. ഈ കേസില്‍ പ്രധാന പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് പാലക്കാട് ശിശുസംരക്ഷണ സമിതി മുന്‍ അധ്യക്ഷനും സിപിഎം നേതാവും മുന്‍ ജനപ്രതിനിധിയുമായ അഡ‍്വ. എന്‍. രാജേഷ് ആയിരുന്നു. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സമിതിയുടെ അധ്യക്ഷന്‍ തന്നെ പ്രതികളുടെ സംരക്ഷകനായതിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കടുത്ത പ്രക്ഷോഭത്തിലായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് സിപിഎം നേതൃത്വം രാജേഷിനെ രാജിവയ്പ്ബപിച്ചത്.

വനിതാ കമ്മിഷന്‍ അധ്യക്ഷയോടു പരാതിപ്പെട്ട വീട്ടമ്മയെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ വഴിനടക്കാന്‍ അനുവദിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയപ്പോളാണ് പ്രതിസന്ധി മറികടക്കാന്‍ സിപിഎം നേതൃത്വം ജോസഫൈ‌നെ മാറ്റി നിര്‍ത്തിയത്.

ഇത്തരം സാഹചര്യങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ തന്നെ നേരിട്ട് സമരരംഗത്തെത്തുന്നത്. സര്‍ക്കാരിനെതിരേയുള്ള പ്രത്യക്ഷ സമരമെന്നു ഗവര്‍ണര്‍ തുറന്നു പറയുന്നില്ലെങ്കിലും സ്ത്രീകള്‍ക്കു സംസ്ഥാനത്തു സിരക്ഷയില്ലെന്നും അതുറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസത്തിലൂടെ വ്യക്തമാകുന്നത്. സ്ത്രീധനം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ മുഴുവന്‍ ചെറുപ്പക്കാരും മുന്നോട്ടു വരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Related posts

Leave a Comment