‘ബ്ലാക്മെയില്‍ രാഷ്ട്രീയമാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന്?’; വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമേ പതിവുള്ളൂവെന്നും എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഗവര്‍ണര്‍ മറുപടി പറഞ്ഞു. താന്‍ ബ്ലാക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന് എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ മേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനപ്രയാസവുമില്ലെന്നും താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

Related posts

Leave a Comment