ഗവര്‍ണറും മുഖ്യമന്ത്രിയും കണ്ണ് പൊത്തിക്കളിക്കുന്നു : മുല്ലപ്പള്ളി

തിരുവനന്തപുരം :ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പ് വച്ച ഗവര്‍ണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്‌പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുന്നെന്നും  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യ മന്ത്രിയും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ച ഗവര്‍ണ്ണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണ്.അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണ് ?എന്തൊക്കയോ ഒളിച്ചു വെക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓര്‍ഡിനന്‍സെന്ന സ്പഷ്ടം. സുതാര്യവും സത്യസന്ധവും നീതിപൂര്‍വ്വകവുമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്തില്ലായെന്നത് എങ്ങിനെ ന്യായീകരിക്കും.ഇന്ത്യക്കു മുഴുവന്‍ മാതൃകയായ ഒരു സംവിധാനമാണ് ലോകായുക്തയിലൂടെ കേരളം കാണിച്ചതെന്ന് അഭിമാനിച്ചവരാണ് സി.പി.എം.. 22 വര്‍ഷം മുമ്പ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ കാലത്താണ് വിപുലമായ ചര്‍ച്ചകളിലൂടെ ലോകായുക്ത സംവിധാനം നിലവില്‍ വന്നത്. ആ സംവിധാനത്തിന്റെ അടിവേരുകള്‍ അറുത്തുകൊണ്ടാണ് മറ്റൊരു സി.പി.എം. ഭരണകൂടം കേരള ചരിത്രത്തില്‍ കറുത്ത അദ്ധ്യായം രചിക്കാന്‍ തയ്യാറായിട്ടുള്ളത്.അധികാരസ്ഥാനത്തിരിക്കുന്നവര്‍ അഴിമതിയുടെ പേരില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിയെഴുതിയാലും ബന്ധപ്പെട്ട അധികാരികള്‍ മൂന്ന് മാസത്തിനകം ഹിയറിങ്ങ് നടത്തി അത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പുതിയ ഭേദഗതിയുടെ കാതല്‍.അതിനര്‍ത്ഥം ആര് അഴിമതി നടത്തിയാലും എന്ത് ചെയ്യണമെന്ന് ”ഞങ്ങള്‍’തീരുമാനിക്കുമെന്നാണ്. ഇതിന്റെ പേരാണ് മിതമായ ഭാഷയില്‍ ഫാസിസമെന്ന് പറയുന്നത്. സ്റ്റാലിനെ ആരാധ്യ പുരുഷനായി കാണുന്ന ഒരു മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല.അഴിമതിയും ധനസമ്പാദനവും മാത്രം ലക്ഷ്യമായി കാണുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ഇടതുപക്ഷമെന്ന വായ്ത്താരിയല്ലാത്ത മുതലാളിത്തകോര്‍പ്പറേറ്റ് താല്പര്യത്തിനപ്പുറം  മറ്റൊന്നും ഈ സര്‍ക്കാറിന്റെ മുന്നിലില്ല.സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്ന നിബന്ധനയും റദ്ദാക്കാന്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ തീരുമാനിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഏതെങ്കിലും ജഡ്ജിന് ലോകായുക്തയാകാമെന്നാണ് പുതിയ ഭേദഗതി.സ്വഭാവ ധാര്‍ഢ്യവും സത്യനിഷ്ഠയുമുള്ള നിരവധി മുന്‍ ഹൈക്കോടതി ന്യായാധിപന്മാരുണ്ടെങ്കിലും അവരാരും പരിഗണിക്കപ്പെടില്ല. റിട്ടയര്‍മെന്റ്‌ന് ശേഷം രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്ന ആരെയെങ്കിലും മനസ്സില്‍ കണ്ടുള്ള നീക്കമായിരിക്കും ഇനി വരാന്‍ പോകുന്നതു്.കേരളത്തിലെ വിവേകവും നീതി ബോധവും കൈമോശം വന്നിട്ടില്ലാത്ത ജനങ്ങള്‍ ആശങ്കാകുലരാണ്. നീതിയുടെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്നതു് അവരുടെ മനസ്സുകളെ വല്ലാതെ നോവിക്കുകയാണ്.കേരള ഗവര്‍ണ്ണര്‍ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തൊടൊപ്പം ഒരേ പാര്‍ട്ടിയില്‍ ലോകസഭാംഗങ്ങളായി പ്രവര്‍ത്തിച്ച കാലം ഞാന്‍ ഓര്‍ക്കുന്നു. ഷാ ബാനു കേസ്സുമായി ബന്ധപ്പെട്ട് അന്ന് നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ്സ് വിട്ടുപോയ ആരിഫ് മുഹമ്മദ് ഖാനെന്ന പാര്‍ലമെന്റ് അംഗത്തിന്റെ നിഴലു പോലുമല്ല കേരളാ ഗവര്‍ണ്ണറായ ആരിഫ് മുഹമ്മദ് ഖാന്‍.കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി ഒരു സാദാരാഷ്ട്രീയ നേതാവിനെപ്പോലെ ഒരു ദിവസം പലവട്ടം മാധ്യമങ്ങളുമായി അഭിരമിക്കുന്ന അങ്ങയെ ഞങ്ങള്‍ മറന്നിട്ടില്ല. സര്‍വ്വകലാശാലകളിലെ അഴിമതികളില്‍ രോഷാകുലനായി കലി തുള്ളിയ ഗവര്‍ണ്ണറെ ഞങ്ങള്‍ക്കറിയാം. ഞാന്‍ ഇനി ചാന്‍സിലര്‍ പദവിയിലിരിക്കുകയില്ലെന്ന് കര്‍ണ്ണനെപ്പോലും തോല്പിക്കുന്ന ‘ ശപഥം’ നടത്തിയ ഗവര്‍ണ്ണറാണ് അങ്ങ് . സത്യബോധവും നിശ്ചയധാര്‍ഢ്യവുമുള്ള ഒരാളായിരുന്നുവെങ്കില്‍ അങ്ങ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമായിരുന്നു.ഒരു പൊതു പ്രവര്‍ത്തകന്‍ പലവട്ടം ആലോചിച്ചേ എന്തെങ്കിലും  പറയാന്‍ പാടുള്ളു. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിറകോട്ട്  പോകുന്നത് അങ്ങേയറ്റം ഭീരുത്വമാണ്. അങ്ങ് ഒരു ഭീരുവായി കാണാന്‍ ഒരു പഴയ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് കഴിയുന്നില്ല.ഒരു കാര്യം കൂടി ചെയ്യ്തു കൊണ്ട് ലോകായുക്ത വിവാദം ഗവര്‍ണ്ണര്‍ അവസാനിപ്പിക്കണം. എത്രയും വേഗം വേരുകള്‍ അറുത്തു മാറ്റപ്പെട്ട ലോകായുക്ത എന്ന നീതിയുടെ ഈ വന്‍മരം ഇനിയുണ്ടാവില്ലെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള അങ്ങയുടെ അഭേദ്യമായ ബന്ധം വെച്ച് തീരുമാനമെടുപ്പിക്കണം.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്‌പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുന്നു.

Related posts

Leave a Comment