ലോകായുക്തയിൽ സർക്കാർ വിയർക്കും; മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർത്തു

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഭേദഗതി ഓർഡിനൻസിനെതിരെ സിപിഐ. ഇത് സംബന്ധിച്ചളുള തീരുമാനത്തിനെതിരെ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചു. ഈ രൂപത്തിൽ‌ ബിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടെടുത്തത്. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനേത്തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് കൊണ്ടുവന്നത്. ഇത് പരിഗണിക്കുമ്പോഴാണ് സി.പി.ഐ. മന്ത്രിമാരായ കെ.രാജനും പി. പ്രസാദും പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.  പ്രശ്നം സങ്കീർണമായതോടെ ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. സർക്കാർ തലത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണു സിപിഐ ആലോചിക്കുന്നത്.
ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണു സിപിഐ നിർദേശം. അഴിമതിക്കെതിരെയുള്ള ഫലപ്രദമായ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടു സ്വീകരിക്കാനാകില്ലെന്നു സിപിഐ പറയുന്നു. സ്വതന്ത്ര സ്വഭാവമുള്ള സമിതിയുടെ കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു.
1999ൽ പാർട്ടിയുടെ മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും, പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ അത്തരമൊരു പഴി കേൾക്കാൻ നേതൃത്വം തയാറല്ല. ഗവർണർ‌ ഒപ്പിടാത്തതിനെ തുടർന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തിൽ ബില്ലായി അവതരിപ്പിക്കാനാണു സർക്കാർ ആലോചിക്കുന്നത്.
ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണു ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത്. ഈ വകുപ്പ് അനുസരിച്ചാണ് മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ നടപടിയുണ്ടായത്. ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി.
ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുന:പരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടിലുള്ളത്. എന്നാല്‍, ഈ വ്യവസ്ഥ അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. അതിന് പകരം മറ്റൊരു കമ്മിറ്റിയെ നിയോഗിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സി.പി.ഐ. മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ ആ നിര്‍ദേശങ്ങളൊന്നും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല.

Related posts

Leave a Comment