സുധാകരനെതിരെ സർക്കാരിന്റെ പകപോക്കൽ ; ഇ.പി.ജയരാജനെ 1995ൽ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ വാദം കേൾക്കണമെന്നാവശ്യം

കൊച്ചി ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായ നീക്കവുമായി സംസ്ഥാന സർക്കാർ. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ 1995ൽ ട്രെയിനിൽ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണു നീക്കം. കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്റെ ഹർജി.

ഈ മാസം 25ന് അന്തിമവാദം കേൾക്കാമെന്നു ഹൈക്കോടതി അറിയിച്ചു. 2016ൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണു നടപടികൾ.1995ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണു ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു സിപിഎമ്മിന്റെ ആരോപണം. ജയരാജനു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സമുണ്ടെന്നും കിടക്കുമ്പോൾ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Comment