പ്രകൃതി ദുരന്തങ്ങളിൽ കണ്ണു തുറക്കാതെ സർക്കാർ; പുതിയ ക്വാറികൾക്ക് അനുമതി നടപടികൾ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നിരവധി മനുഷ്യ ജീവനുകൾ കവരുകയും കോടികളുടെ നാശനഷ്ടത്തിന് വഴിവെയ്ക്കുകയും ചെയ്തിട്ടും കണ്ണ് തുറക്കാതെ സർക്കാർ. കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടരുമ്പോഴും പുതിയ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുകയാണ്. അനിയന്ത്രിതമായി കരിങ്കൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയതാണ് സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും പ്രധാന കാരണമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

കേരളത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ താലൂക്കിലും ആർഡിഒമാരുടെ നേതൃത്വത്തിൽ ക്വാറികൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും ഡിസംബറിനുള്ളിൽ അനുമതി നൽകാനുമാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശം. സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരമാണ് നിർദ്ദേശമെന്നും ആർഡിഒമാരെ ലാന്റ് റവന്യൂ കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ക്വാറികൾക്ക് അനുയോജ്യമായ റവന്യൂ ഭൂമി ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളിൽ അനുമതി നൽകണം. ഈ മാസം മുപ്പതിനകം ക്വാറികൾ ഏറ്റെടുത്തവരുമായി കരാറൊപ്പിടണം. നിലവിലുള്ള ക്വാറികളിൽ നിന്ന് സീനിയറേജ് അടക്കം സർക്കാരിലേക്ക് ലഭിക്കാനുള്ള കുടിശികകൾ ഉടനെ പിരിച്ചെടുക്കാനും നിർദേശമുണ്ട്. സ്ഥലം കണ്ടെത്തുമ്പോൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള റെഡ് സോണുകൾ, പരിസ്ഥിലോല പ്രദേശങ്ങൾ, വനം എന്നിവ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പക്ഷെ അതിതീവ്ര മഴ ആവർത്തിക്കെ, ഉയരംകൂടിയ മേഖലകളിൽ ക്വാറികൾ ജനവാസ മേഖലകൾക്ക് കൂടുതൽ ഭീഷണി ഉയർത്തുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

2018 ൽ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും തൊട്ടടുത്ത വർഷം ജനുവരിക്ക് ശേഷം 223 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നൽകിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളിൽ പറയുമ്പോഴും ഇത് ലംഘിക്കപ്പെടുകയാണെന്നതാണ് യാഥാർത്ഥ്യം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അനുമതി നൽകൂവെന്നാണ് സർക്കാരിന്റെ വിശദീകരണം. ഉരുൾപൊട്ടൽ ഉണ്ടാകുന്ന മേഖലകളിൽ ക്വാറികൾക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യങ്ങളിൽ താൽക്കാലികമായി അവയുടെ പ്രവർത്തനം നിർത്തിവെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതല്ലാതെ കർശന നടപടികളുണ്ടാകുന്നില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment