കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണം ; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത ഒന്‍പത് ശതമാനമായി നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരിന് 50 ശതമാനവും സ്പോണ്‍സര്‍ ബാങ്കായ കാനറാ ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലുള്ള ഓഹരി. മൂലധനപര്യാപ്തതയ്ക്ക് ആവശ്യമായ ഒന്‍പതു ശതമാനം നിലനിര്‍ത്താന്‍ ഈ 15 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്നും ഒഹരി പൊതുവില്‍പന നടത്തിയോ ഏതെങ്കിലും സ്വകാര്യപങ്കാളികളുമായി ധാരണയുണ്ടാക്കിയോ ബോണ്ട് വഴിയോ പണം സമാഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രമീണ്‍ ബാങ്ക് ചെയര്‍മാനെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നതു വഴി ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയും.

രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related posts

Leave a Comment