കർണ്ണാടകത്തിലെ സർക്കാരിനെ അട്ടിമറിച്ചത് പെഗാസസ് വഴി ; പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടെങ്കിലും സത്യം പറയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല : രാഹുൽ ഗാന്ധി

കർണ്ണാടകത്തിലെ സഖ്യ സർക്കാരിനെ അട്ടിമറിച്ചത് പെഗാസസ് ഉപയോഗിച്ചാണെന്നും ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി വിധി പെഗാസസിൽ നിർണ്ണായ ചുവടുവെയ്പ്പാണെന്നും ഇനിയെങ്കിലും സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഒരുപാട് പേരുടെ ഫോണുകൾ പെഗാസസ് ചോർത്തിയെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടെങ്കിലും സത്യം പറയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി പ്രതിപക്ഷം പറഞ്ഞതിനെ അനുകൂലിക്കുന്നതാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഫോൺ പോലും പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു. ഇന്ത്യയെന്ന ആശയം തന്നെ പെഗാസസിലൂടെ ആക്രമിക്കപ്പെട്ടു -രാഹുൽ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആർക്ക് വേണ്ടി എന്തിന് വേണ്ടി ഫോണുകൾ ചോർത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞു. മുതിർന്ന നേതാക്കളുടെ വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് നൽകിയെന്നും ഇത് ഇന്ത്യയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും രാഹുൽ വിമർശിച്ചു. സുപ്രീം കോടതി സമീപിച്ചാൽ അന്വേഷണത്തിൽ സഹകരിക്കുമെന്നും കോടതിയുടെ ചോദ്യത്തിന് സർക്കാർ ഉത്തരം പറയില്ലെന്ന് ഉറപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും രാജ്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടുള്ള കാര്യമാണെന്നും പാർലമെന്റിൽ ഇനിയും വിഷയം ഇനിയും ഉന്നയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുന്ന വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു.

Related posts

Leave a Comment