സർക്കാർ എൻജി.കോളേജുകളിൽ അധ്യാപകർക്ക് കൂട്ടത്തോടെ തരംതാഴ്ത്തൽ

തിരുവനന്തപുരം: സർക്കാർ എൻജിനീയറിങ് കോളേജുകളിൽ അധ്യാപകർക്ക് കൂട്ടത്തോടെ തരംതാഴ്ത്തൽ. ഡോക്ടറേറ്റ് ബിരുദമില്ലാതെ  സീനിയോറിറ്റി മാനദണ്ഡത്തിൽ  അസോസിയേറ്റ് പ്രൊഫസർമാരായി പ്രൊമോഷൻ നൽകിയിരുന്ന 115 പേരെ അസിസ്റ്റന്റ് പ്രൊഫസർമാരായാണ് തരംതാഴ്ത്തിയത്.  കോടതി വിധി അനുസരിച്ച് സർക്കാർ 12 ഉത്തരവുകളാണ് പ്രമോഷനും  തരംതാഴ്ത്തലിനുമായി പുറപ്പെടുവിച്ചത്. 18 പ്രിൻസിപ്പൽമാരെ തരംതാഴ്ത്തിയപ്പോൾ 43 പേരെ പ്രിൻസിപ്പൽമാരായി പ്രമോട്ട് ചെയ്തിരുന്നു.എല്ലാ തസ്തികകളിലും സ്ഥാനക്കയറ്റം കിട്ടിയ പലരും സർവീസിൽ നിന്ന് വിരമിച്ചവരാണ്. 138 പേരെ പ്രൊഫസർമാരായും  211 പേരെ  അസോസിയേറ്റ്  പ്രൊഫസർമാരായും പ്രമോട്ട് ചെയ്തിട്ടുണ്ട്. 2019ലാണ് സർക്കാർ ഇടത് അധ്യാപക സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി എഐസിടിഇ ചട്ടങ്ങളിൽ ഇളവ് നൽകി  യോഗ്യതയില്ലാത്തവരെ പ്രൊമോട്ട്  ചെയ്തത്. എന്നാൽ, സുപ്രീംകോടതിയുടെ ഉത്തരവും തുടർന്ന്  സിഎജിയുടെ റിപ്പോർട്ടും വന്നതോടെ സർക്കാരിന് തീരുമാനം റദ്ദാക്കേണ്ടതായി വന്നു. ഇടത് സംഘടനകളുടെ  നിർദ്ദേശനുസരണമാണ് മന്ത്രിയായിരുന്ന കെ.ടി ജലീൽ ഉത്തരവുകളിട്ടിരുന്നതെന്ന് നേരത്തെ തന്നേ അധ്യാപകർക്കിടയിൽ ആക്ഷേപമുണ്ടായിരുന്നു.
 വിവിധ എൻജിനീയറിങ് കോളേജുകളിൽ 961 അധ്യാപകർ അയോഗ്യരാണെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എയ്ഡഡ് കോളേജിലും സർക്കാർ നിയന്ത്രിത സ്വശ്രയ കോളേജിലും മറ്റ് സ്വശ്രയ കോളേജിലുമായി യോഗ്യത പരിശോധിക്കാൻ  സർക്കാർ സാങ്കേതിക സർവകലാശാലയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ തെറ്റായ നടപടി മൂലം റിട്ടയർ ചെയ്തവർക്കുൾപ്പടെ മുൻകാല പ്രാബല്യത്തിൽ ശമ്പളം ക്രമീകരിക്കുമ്പോൾ കോടികളുടെ അധിക ചെലവുണ്ടാകും. എന്നാൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്തതുകൊണ്ട് തെറ്റായി പ്രൊമോഷൻ ലഭിച്ചവരിൽ നിന്ന് അധിക ശമ്പളം തിരികെ പിടിക്കാനാവില്ലെന്ന് പൊതുഖജനാവിന് വലിയ നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്യും.

Related posts

Leave a Comment