ഡോക്ടർമാരോട് സർക്കാർ അവഗണന; കെജിഎംഒഎ പ്രതിഷേധദിനം ആചരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്വന്തം ആരോഗ്യം പോലും നോക്കാതെ മഹാമാരിക്കെതിരെ പൊരുതുന്ന ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കതിരെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപകമായി എല്ലാ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിലും കെജിഎംഒഎ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ യോഗങ്ങളും ജില്ല ആസ്ഥാനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  രണ്ടു മണി മുതൽ മൂന്നു മണി വരെ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണൻ തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് കോഴിക്കോടും ധർണ്ണയെ അഭിസംബോധന ചെയ്തു.
മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും റിസ്ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ കേരളത്തിൽ ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം വെട്ടിക്കുറക്കുകയും അനൂകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചത്, പേഴ്സണൽ പേ നിർത്തലാക്കിയത്, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞത്, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവാകാത്തത്, മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും റിസ്ക് അലവൻസ് അനുവദിക്കാത്തതും തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരായത്. കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റ് പല വിഭാഗം ആളുകളും വീടുകളിലെ സുരക്ഷിതത്തിൽ ഇരുന്നപ്പോൾ സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ കോവിഡ് രോഗികളെ പരിചരിക്കുകയായിരുന്ന  ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അപമാനിക്കുന്നതിനു തുല്യമാണ് ശമ്പള പരിഷ്കരണത്തിലെ ഈ അവഗണനയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം കൂടുതൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോകുമെന്ന് ഡോ. ജിഎസ് വിജയകൃഷ്ണൻ മുന്നറിയിപ്പ് നൽകി. ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന്  കെ ജി എം ഒ എ അഭ്യർത്ഥിച്ചു.

Related posts

Leave a Comment