മരണക്കണക്ക് മറച്ച് സർക്കാർ രാഷ്ട്രീയ നേട്ടമുണ്ടാക്കി: കോവിഡ് കുറഞ്ഞപ്പോൾ 2764 മരണങ്ങൾ ഉൾപ്പെടുത്തി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലാണെന്ന് വീമ്പിളക്കാനായി യഥാർത്ഥ കോവിഡ് മരണങ്ങൾ മറച്ചുവെച്ച് രാഷ്ട്രീയ നേട്ടം കൊയ്ത പിണറായി സർക്കാർ, രോഗവ്യാപനം കുറഞ്ഞതോടെ ഒളിപ്പിച്ച 2764 മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്ന മരണക്കണക്ക് യഥാർത്ഥമല്ലെന്ന് തെളിവുകൾ നിരത്തി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധമുയർത്തിയിട്ടും അത് സമ്മതിക്കാതിരുന്ന സർക്കാരാണ് ഇപ്പോൾ മറച്ചുവെച്ച മരണങ്ങൾ ഘട്ടം ഘട്ടമായി ഉൾപ്പെടുത്തുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കെടുത്ത് ആ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടപ്പോൾ ചക്ക തലയിൽ വീണ് മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്ടികയിൽ ചേർക്കപ്പെട്ട മരണ സംഖ്യ പരിശോധിക്കുമ്പോൾ സർക്കാരിന്റെ കള്ളക്കളി വെളിച്ചത്താവുകയാണ്. ഇന്നലെ 66 മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടതിന് പുറമേ, നേരത്തെ ഒളിപ്പിച്ചുവെച്ച 296 മരണങ്ങളും ഉൾപ്പെടുത്തി. ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു ആരോഗ്യ വകുപ്പിനും സർക്കാരിനും റിപ്പോർട്ടു നൽകിയിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാതിരുന്ന മരണങ്ങളാണ് പരിശോധനയ്ക്കുശേഷം പട്ടികയിൽ ഉൾപ്പെടുത്തിയത്.
സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 257 മരണങ്ങളുമാണ് ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 31,514 ആയി. 22–ാം തീയതി 292 മരണം, 23ന് 257,
24ന് 211, 25ന് 219, 26ന് 341, 27ന് 330, 28ന്–542, 29ന് 276, 30-ന് 296 എന്നിങ്ങനെയാണ് ഇപ്പോൾ പട്ടികയിൽ ഒളിപ്പിച്ചുവെച്ച മരണങ്ങളുടെ എണ്ണം.
സർക്കാരിന്റെ കള്ളക്കളി തെളിവു സഹിതം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ 7000 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിശദീകരണം. പ്രതിപക്ഷത്തിന്റെ നിലപാടിനോട് സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതിയും യോജിച്ചതോടെയായിരുന്നു ഇത്. കോവിഡ് ബാധിച്ചു മരിച്ച പലരെയും സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതായി വിദഗ്ധസമിതി ചൂണ്ടിക്കാട്ടി. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡാണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദേശിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലാതലത്തിൽനിന്ന് റിപ്പോർട്ടു ചെയ്യുന്ന മരണങ്ങൾ പുനഃപരിശോധിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റിയെയും രൂപീകരിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സർക്കാർ പുനഃപരിശോധനയ്ക്കു തയാറായി. മരണങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ ഡിഎംഒമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.

Related posts

Leave a Comment