അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സര്‍ക്കാര്‍; കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്നു രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു.

ഈ വര്‍ഷം ഇത് വരെ പതിനൊന്നു മരണം റിപ്പോര്‍ട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അടിക്കടി മരണം ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണു ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂര്‍ണ്ണ പരാജയമാണ്. കുറ്റക്കാര്‍ക്കെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണം.

ശിശുമരണത്തില്‍ സര്‍ക്കാര്‍ ഒന്നാം പ്രതിയും ഉദ്യോഗസ്ഥര്‍ രണ്ടാം പ്രതിയുമാക്കി കേസെടുക്കണം. എങ്കില്‍ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരം ദാരുണ സംഭവങ്ങള്‍ ഒഴുവാക്കാനാവൂ. മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. പിണറായി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് പുറമേ പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാതായതായി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment