പ്രഹരങ്ങളേറ്റ് പുളയുന്ന സർക്കാർ ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇക്കഴിഞ്ഞ വ്യാഴാഴ്ച എല്‍ ഡി എഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കൂട്ടപ്രഹരത്തിന്റെ ദിനമായിരുന്നു. കോടതികളിലും നിയമസഭയിലും മാത്രമല്ല സി എ ജിയുടെ മുമ്പിലും കുറ്റവാളിയായി തലകുനിച്ച് നില്‍ക്കേണ്ടിവന്നത് നാണക്കേടുളവാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരംവെട്ട്, 2018-ലെ പ്രളയത്തില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച, കിഫ്ബിക്കെതിരെയുള്ള സി എ ജി പരാമര്‍ശം, മോന്‍സന്‍ കേസില്‍ പൊലീസിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം തുടങ്ങിയവയായിരുന്നു സര്‍ക്കാരിന്റെ വീഴ്ചയും പിടിപ്പുകേടും വിളംബരം ചെയ്തത്. ഭരണത്തിനെതിരെ കൂട്ടപ്രഹരങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി, നിയമസഭയ്ക്കകത്തോ പുറത്തോ വായ തുറക്കാതെ മൗനത്തിലായിരുന്നു.
2018-ലെ പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ പ്രളയം പ്രകൃതിദത്തമല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും പ്രതിപക്ഷവും വിദഗ്ദ്ധരും നേരത്തെ പറഞ്ഞതാണ്. എന്നാല്‍ അത് നിഷേധിക്കുന്ന സര്‍ക്കാരിനെതിരെയാണ് സി എ ജിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കാതിരിക്കുകയും പ്രളയജലം രാക്ഷസപ്രവാഹങ്ങളായി ഒഴുകിയെത്തുകയും ചെയ്തപ്പോള്‍ ദുരന്ത നിവാരണ സംവിധാനങ്ങള്‍ ദുര്‍ബലമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജലനയം പ്രളയക്കെടുതികള്‍ വര്‍ദ്ധിപ്പിച്ചു. ദേശീയ ജലനയത്തിനനുസരിച്ച് കാലോചിതമായി ജലനയം രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത പ്രളയത്തില്‍ 483 പേര്‍ മരണപ്പെട്ടു. 14 പേരെ കാണാതായി. ലക്ഷക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 41 നദികള്‍ക്കും 58 ജലസംഭരണികള്‍ക്കും താങ്ങാനാവുന്നതായിരുന്നില്ല പ്രളയജലത്തിന്റെ സംഹാരതാണ്ഡവം. ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ പദ്ധതികള്‍ വന്‍ പരാജയമായിരുന്നു. സര്‍ക്കാരിന്റെ വീഴ്ചകളെ സംബന്ധിച്ച് പത്തോളം പരാമര്‍ശങ്ങള്‍ സി എ ജി നടത്തിയിട്ടുണ്ട്. എല്ലാറ്റിലും മുഖ്യപ്രതി സര്‍ക്കാര്‍തന്നെ.
മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് മന്ത്രിമാര്‍ അറിഞ്ഞില്ലെന്ന സര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. മരംവെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ജല-വനം വകുപ്പ് മന്ത്രിമാര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. മരംമുറി പുറത്തായപ്പോള്‍ രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വയം രക്ഷപ്പെടുകയായിരുന്നു. ഈ മരംമുറി, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പുതിയ ഡാം എന്ന കേരളത്തിന്റെ ആശയത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് മരംമുറി.
അനിയന്ത്രിതമായ കേരളത്തിന്റെ കടമെടുപ്പിനും അതിന് കിഫ്ബിയെ മറയാക്കുന്നതിലും സി എ ജി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. നിയമസഭ അറിയാതെ അനേകം കോടികളാണ് സര്‍ക്കാര്‍ കടമെടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്രസഹായം ലഭ്യമല്ലെന്നറിഞ്ഞിട്ടും കെ-റെയിലിന് വന്‍തുക വിദേശ ഏജന്‍സികളില്‍ നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി എ ജി പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.65 ലക്ഷം കോടിയുടെ കടമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ സി എ ജിയുടെ ഓഡിറ്റില്‍ 2.74 ലക്ഷംകോടിയുടെ കടമുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബജറ്റ് രേഖകളില്‍ കിഫ്ബി വായ്പകള്‍ ഉള്‍പ്പെടുത്താത്തിടത്തോളം അവയ്ക്ക് നിയമസഭയുടെ അംഗീകാരമുണ്ടെന്ന് പറയാനാവില്ലെന്നും ഇത്തരത്തില്‍ ബജറ്റിന് പുറത്തുനിന്നെടുത്ത എല്ലാ വായ്പകളും ബജറ്റിലും സര്‍ക്കാരിന്റെ കണക്കിലും ഉള്‍പ്പെടുത്തണമെന്ന് സി എ ജി നിര്‍ദ്ദേശിക്കുന്നു. നിയന്ത്രണമില്ലാത്ത കടമെടുപ്പിനെതിരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ സി എ ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും ചെവിക്കൊള്ളാതെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടംവാങ്ങി സര്‍ക്കാര്‍ ദീവാളി കുളിക്കുകയായിരുന്നു.
ബഹുഭൂരിപക്ഷം ജനങ്ങളും കേന്ദ്രസര്‍ക്കാരും എതിരായിട്ടും അതിവേഗ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കേരളം കടംവാങ്ങി കുത്തുപാളയെടുക്കുമ്പോഴാണ് വീണ്ടും വിദേശവായ്പക്ക് ശ്രമിക്കുന്നത്. 64,000 കോടി രൂപയുടെ പദ്ധതിക്ക് 33,700 കോടിരൂപയുടെ വിദേശ വായ്പക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തിനുള്ള ത്വരയല്ല, പദ്ധതിയിലെ കമ്മീഷനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നീതിന്യായ കോടതികളുടെ ആശങ്കയും ജനങ്ങളുടെ ഉത്കണ്ഠയും കണക്കിലെടുക്കാതെ ധിക്കാരപരമായ നിലപാടാണ് അതിവേഗ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Related posts

Leave a Comment