വി.സി നിയമനത്തിൽ സർക്കാർ കുരുക്കിൽ ; മന്ത്രി ആർ ബിന്ദുവിന്റെ ശുപാർശ കത്ത് പുറത്ത് ; രാഗേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയതിനുള്ള പ്രത്യുപകാരം

നിസാർ മുഹമ്മദ്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ ശുപാർശ കത്ത് പുറത്തുവന്നതോടെ സർക്കാർ കുരുക്കിലായി. വൈസ് ചാൻസലർ നിയമനത്തിനായി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലുണ്ടായെങ്കിലും ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന ചോദ്യം അവശേഷിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ കത്ത് പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടെ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സർക്കാരും പ്രതിക്കൂട്ടിലായി. ഇതിനിടെ, ഇഷ്ടക്കാരെ നിയമിക്കാനായി ചട്ടവിരുദ്ധമായി ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണറോട് കത്തിലൂടെ ആവശ്യപ്പെട്ടത്. വി.സിയെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സേർച്ച് സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശുപാർശ കത്താണെങ്കിലും കത്തിലെ ഭാഷ ഭീഷണിയുടേതാണെന്ന വിവരവു പുറത്തുവരുന്നുണ്ട്. ഗവർണറുടെ നോമിനിയെ നിശ്ചയിക്കുന്നതും സർക്കാരായിരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. വി.സി നിയമനത്തിൽ സർവാധികാരം ഗവർണർക്കാണെന്നിരിക്കെ, മന്ത്രി ഇടപെട്ട് നിയമനത്തിന് സമ്മർദ്ദം ചെലുത്തിയത് ഭരണഘടനാ ലംഘനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർവകലാശാല വിഷയങ്ങളിൽ ഗവർണറുമായി കത്തിടപാടുകൾ നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണെന്നിരിക്കെ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ദുരൂഹമാണ്. അധികാര ദുർവിനിയോഗമാണ് മന്ത്രി നടത്തിയതെന്നതിന്റെ തെളിവു കൂടിയായി പുറത്തുവന്ന കത്ത്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയയെ അസോസിയേറ്റ് പ്രൊഫസർ പദവിയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി നടന്ന അഭിമുഖത്തിൽ വി.സി ഒന്നാം റാങ്ക് നൽകിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായി വൈസ് ചാൻസലർക്ക് പുനർനിയമനം നൽകാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ബിന്ദു ഗവർണർക്ക് ശുപാർശ കത്ത് നൽകിയതെന്നാണ് വിവരം. സർക്കാരുമായി ആലോചിച്ചെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കത്ത് നൽകിയത്. ഗോപിനാഥന് രണ്ടാം തവണയും അവസരം നൽകണമെന്ന് മന്ത്രി പേരെടുത്ത് പറഞ്ഞിട്ടുള്ളതിനാൽ ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ഈ കത്ത് പ്രത്യക്ഷ തെളിവായി മാറുമെന്ന് ഉറപ്പാണ്.
വിരമിച്ച ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രന് നിയമനം നൽകാൻ ആരാണ് ഗവർണർക്ക് ശുപാർശ നൽകിയതെന്ന ചോദ്യത്തിന് ആരും അങ്ങനെയൊരു ശുപാർശ നൽകിയിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. മന്ത്രിയുടെ കത്ത് കൂടി പുറത്തുവന്നതോടെ ഹൈക്കോടതി വിധിയാണ് ഇനി നിർണായകം. ഒപ്പം, മന്ത്രിയുടെ രാജിക്കായുള്ള സമ്മർദ്ദം പ്രതിക്ഷം ശക്തമാക്കുകയും ചെയ്യും.

Related posts

Leave a Comment