ലീവ് സറണ്ടർ വീണ്ടും മരവിപ്പിച്ച് സർക്കാർ ‌; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ച് പിണറായി സർക്കാർ. ജൂണ്‍ ഒന്നുമുതല്‍ ആറുമാസത്തേക്കാണ് ലീവ് സറണ്ടര്‍ മരവിപ്പിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്ന് ധനവകുപ്പ് ഉത്തരവ് പറയുന്നു. ട്രഷറിയില്‍ ജൂണ്‍ ഒന്നുമുതലുള്ള ബില്ലുകള്‍ക്ക് തീരുമാനം ബാധകമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പാര്‍ട്ട് ടൈം കണ്ടിജന്‍റ്, മുനിസിപ്പല്‍ കണ്ടിജന്‍റ് ജീവനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. വിരമിച്ച ജീവനക്കാരുടെ ടെര്‍മിനല്‍ സറണ്ടറിനും ഉത്തരവ് ബാധകമല്ല. ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചതുവഴി 1500 കോടിയുടെ സാമ്പത്തിക ബാധ്യത തല്‍ക്കാലം സര്‍ക്കാരിന് ഒഴിവാക്കാം.
ഇക്കഴിഞ്ഞ ജൂൺ ഒന്നുമുതൽ ലീവ് സറണ്ടർ ആനുകൂല്യം നൽകുമന്നായിരുന്നു കഴിഞ്ഞ നവംബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിച്ചത് ജൂൺ ഒന്നു മുതൽ പിൻവലിക്കാമെന്നും അന്ന് ഉറപ്പു നൽകിയിരുന്നു.  എന്നാൽ, ജൂൺ ഒന്നിന് ഇനിയൊരു ഉത്തരവ് വരുന്നതുവരെ ലീവ് സറണ്ടർ ബില്ലുകൾ അനുവദിക്കേണ്ടെന്നു ട്രഷറി ഓഫിസർമാർക്ക് ട്രഷറി ഡയറക്ടർ നിർദേശം നൽകുകയായിരുന്നു. ഒരു വർഷമുള്ള അവധിയിൽ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടർ ചെയ്യാൻ കഴിയുക. മാർച്ച് 31നു മുൻപ് സറണ്ടർ ചെയ്തു തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വർഷം പിഎഫിൽ ലയിപ്പിച്ചതും ഈ വർഷം ജൂണിലേക്കു നീട്ടിയതും. എന്നാൽ, വീണ്ടും മരവിപ്പിക്കൽ ഉത്തരവ് വന്നതോടെ ജീവനക്കാർ അതൃപ്തിയിലാണ്.

Related posts

Leave a Comment