ചെങ്കൊടി താഴ്ത്തിയ ഗോര്‍ബി; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ലെനിനില്‍ നിന്ന് ഗോര്‍ബച്ചേവിലേക്കുള്ള ദൂരം ഏറെ വലുതാണ്. 1917-ല്‍ ഒക്‌ടോബര്‍ വിപ്ലവം നയിക്കുകയും ചെങ്കൊടി ഉയര്‍ത്തുകയും ചെയ്തത് ലെനിനാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ നയിക്കുകയും ചെങ്കൊടി താഴ്ത്തുകയും ചെയ്തത് മിഖായേല്‍ ഗോര്‍ബച്ചേവാണ്. ശീതയുദ്ധാനന്തരം ലോകചരിത്രത്തിന്റെ ഗതിവിഗതികളെ ഗോര്‍ബച്ചേവ് തിരുത്തുകയായിരുന്നു. ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക എന്നീ രണ്ട് പദങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത് ഗോര്‍ബച്ചേവായിരുന്നു. ഒന്ന് രാഷ്ട്രീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റേത് സാമ്പത്തിക നവീകരണവുമായി ബന്ധപ്പെട്ടതാണ്. 15 സ്വതന്ത്ര റിപ്പബ്ലിക്കുകളെ ബലമായി പിടിച്ചെടുത്തുകൊണ്ടായിരുന്നു ലെനിനും സ്റ്റാലിനും സോവിയറ്റ് യൂണിയന്‍ പടുത്തുയര്‍ത്തിയത്. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനും രക്തവും അതിനുവേണ്ടി ഹോമിക്കപ്പെട്ടു. എന്നാല്‍ ഒരു തുള്ളി രക്തംപോലും വീഴ്ത്താതെയായിരുന്നു ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടത്. 1985ലാണ് ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റാവുന്നത്. അതിന് മുമ്പുതന്നെ സോവിയറ്റ് യൂണിയനില്‍ തകര്‍ച്ചയുടെ കാലൊച്ച മുഴങ്ങിത്തുടങ്ങിയിരുന്നു. അതിന് ആക്കംകൂട്ടുന്ന നയങ്ങള്‍ ഗോര്‍ബച്ചേവിന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ തകര്‍ച്ചയുടെ വേഗത കൂടി. ജര്‍മനിയില്‍ രാജ്യത്തിന്റെ പുനരേകീകരണം നടക്കുമ്പോള്‍ സോവിയറ്റ് യൂണിയനില്‍ പിരിഞ്ഞുപോകലിന്റെ മുദ്രാവാക്യ പ്രകടനങ്ങളും ഉയരുകയായിരുന്നു. പെരിസ്‌ട്രോയിക വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ലിബറല്‍ സാമ്പത്തിക ശാസ്ത്രമായിരുന്നു ഇതിലൂടെ ലക്ഷ്യംവെച്ചത്. സോഷ്യലിസം കൂടുതല്‍ കാര്യശേഷിയോടെ പ്രവര്‍ത്തിക്കുകയായിരുന്നു പെരിസ്‌ട്രോയികയിലൂടെ ഉദ്ദേശിച്ചതെങ്കിലും സോഷ്യലിസം തന്നെ ഉപേക്ഷിക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. രാജ്യം ശിഥിലീകരിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ഈ അസ്വസ്ഥത ഘടക റിപ്പബ്ലിക്കുകളില്‍ വ്യാപിക്കാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. 1986-ല്‍ ടോഗ്ലിയാറ്റി നഗരം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നടത്തിയ പ്രസംഗത്തിലാണ് പെരിസ്‌ട്രോയിക എന്ന പദം ഗോര്‍ബച്ചേവ് ആദ്യം ഉന്നയിക്കുന്നത്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27-ാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹം ഗ്ലാസ്‌നോസ്റ്റിനെക്കുറിച്ച് പറയുന്നത്. ഗോര്‍ബച്ചേവിന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം ആസൂത്രണത്തില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഗോര്‍ബച്ചേവും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകനും അടിസ്ഥാനപരമായ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. വിദേശ സാമ്പത്തിക മേഖലയില്‍ ഗോര്‍ബച്ചേവിന്റെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ സംയുക്ത സംരംഭങ്ങളുടെ രൂപത്തില്‍ വിദേശികളെ സോവിയറ്റ് യൂണിയനില്‍ നിക്ഷേപം അനുവദിക്കുകയായിരുന്നു. ഇതിനായി സോവിയറ്റ് സംരംഭത്തിന്റെ വിദേശ ഓഹരികള്‍ 49 ശതമാനമായി പരിമിതപ്പെടുത്തി. ഭൂരിപക്ഷം വിദേശ ഉടമസ്ഥതയും നിയന്ത്രണവും അനുവദിക്കുന്നതിനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു. ഗോര്‍ബച്ചേവിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ 1980കളുടെ അവസാനത്തില്‍ രാജ്യത്തിന്റെ മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയെ പുനരാരംഭിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല. വിലനിയന്ത്രണം നിലവിലുണ്ടായിരുന്നെങ്കിലും റൂബിളിന്റെ മാറ്റമില്ലായ്മയും മിക്ക സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഉത്പാദനോപാധികള്‍ക്ക് മേലുള്ള പരിഷ്‌കാരങ്ങള്‍ ഒരു പരിധിവരെ കാര്യങ്ങളെ വികേന്ദ്രീകരിച്ചു. സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കാരങ്ങളല്ല ചൈനയില്‍ വ്യാപിച്ചിരിക്കുന്ന വിദേശ-തദ്ദേശ സംരംഭങ്ങള്‍ക്ക് മാതൃകയായത്. ചൈനീസ് സാമ്പത്തിക പരിഷ്‌കരണം തുടര്‍ച്ചയായ സ്വേച്ഛാധിപത്യ ഭരണവും രാഷ്ട്രീയ റിബലുകളെ അടിച്ചമര്‍ത്തുന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ ഭീകരതയും ചൈനീസ് പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കാന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഗോര്‍ബച്ചേവിനും സ്വീകാര്യമല്ലായിരുന്നു.
പുനര്‍ നിര്‍മ്മിക്കപ്പെട്ട പെരിസ്‌ട്രോയികയും തുറന്ന രാഷ്ട്രീയ അവകാശങ്ങള്‍ അനുവദിക്കുന്ന ഗ്ലാസ്‌നോസ്റ്റും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഒടുവിലത് സോവിയറ്റ് റഷ്യയുടെ പതനത്തിന് തന്നെ കാരണമായി. സോവിയറ്റ് യൂണിയനിലെ മോശമായ ജീവിത സാഹചര്യങ്ങള്‍ക്കറുതി വരുത്താനായിരുന്നു ഗോര്‍ബച്ചേവ് പെരിസ്‌ട്രോയികയും ഗ്ലാസ്‌നോസ്റ്റും നടപ്പിലാക്കിയത്. ഇപ്പോള്‍ റഷ്യയില്‍ നടപ്പിലുള്ള അവസ്ഥകള്‍ ഭയാനകരമാണ്. ഗോര്‍ബച്ചേവിനെ സോവിയറ്റ് റഷ്യയുടെ കാലനെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘാതകനെന്നും വിശേഷിപ്പിക്കുന്നത് ഔചിത്യബോധമുള്ളതല്ല.

Related posts

Leave a Comment