പൊന്മുട്ടയിടുന്ന സഹകരണത്താറാവ്

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ മേല്‍ പാര്‍ട്ടി ശക്തമായ മേല്‍നോട്ടവും നിരീക്ഷണവും നടത്തുമെന്ന് കഴിഞ്ഞ ദിവസം കൂടിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും തീരുമാനിച്ചു. ഇതേവരെ ഈ സ്ഥാപനങ്ങളുടെ മേല്‍ പാര്‍ട്ടിക്ക് ഇത്തരം നിരീക്ഷണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലായിരുന്നെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ പാ‍ര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നു വേണം കരുതാന്‍. സഹകരണ മേഖലയിലെ അഭിനവ പാഠശാലയായ കരുവന്നൂര്‍ സര്‍വീസ് സഹകരണ സംഘത്തിന്‍റെ മാതൃകയിലുള്ള മേല്‍നോട്ടമാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ ബാങ്ക് ഭരണം കൊണ്ട് സഖാക്കള്‍ കീശയിലാക്കിയത് ഏകദേശം മുന്നൂറു കോടി രൂപ. തട്ടിപ്പിന്‍റെ അനന്തമായ ഈ സാധ്യത ഇതര ബാങ്കുകളിലേക്കും വ്യാപിപ്പിക്കുമെന്നു വേണം പാര്‍ട്ടിയുടെ പുതിയ തീരുമാനത്തില്‍ നിന്നു നമ്മള്‍ മനസിലാക്കേണ്ടത്.

  • തട്ടിപ്പിന്‍റെ സഹകരണത്തിനു പാര്‍ട്ടിയും ഭരണവും

പാര്‍ട്ടി ഭരണത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഹകരണത്തിലൂടെ തട്ടിപ്പ് നടത്തുന്നതില്‍ വലിയ വ്യുല്പ്പത്തി പ്രകടിപ്പിച്ചിട്ടുണ്ട്. അന്തരിച്ച നേതാവ് ടി.കെ. രാമകൃഷ്ണന്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് സിപിഎമ്മില്‍ സഹകരണ സാധ്യത ഫലപ്രദമായി വിനിയോഗിച്ചവര്‍. ഇവര്‍ക്കു പിന്നാലെ വന്നവരും മോശക്കാരായിരുന്നില്ല. ഇപ്പോഴത്തെ മന്ത്രിയാവട്ടെ, നാല്പതു കോടിയോളം രൂപയുടെ തിരിമറി പിടിക്കപ്പെട്ട കോട്ടയം എളങ്ങളം സര്‍വീസ് സഹകരണ സംഘത്തിന്‍റെ നടത്തിപ്പ് ചുമതലയില്‍ ഇരുന്നയാളും.

പാര്‍ട്ടി ഭരണത്തിലിരുന്നപ്പോഴൊക്കെ സഹകരണ മേഖലയുടെ സാധ്യത ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപമുള്ള മേഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. കറന്‍സി നിര്‍വ്യാപനം വരുന്നതിനു മുന്‍പുള്ള കണക്കാണിത്. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലരും സഹകരണ ബാങ്കുകളെ കൂടുതലായി സമീപിച്ചിട്ടുണ്ട്. ആ നിലയ്ക്കു നോക്കുമ്പോള്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം ഇരട്ടിയെങ്കിലുമായി വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതില്‍ കുറച്ചെങ്കിലും കള്ളപ്പണമായുണ്ട്. അതില്‍ കുറച്ചു തങ്ങളുടെ കീശയിലേക്കു വന്നാല്‍ പുളിക്കുമോ എന്നാണ് സഹകരണതട്ടിപ്പിന്‍റെ പിന്നിലെ മനശാസ്ത്രം.

 ശക്തമായ ജനാധിപത്യ സംരക്ഷണത്തില്‍ ഉത്തരവാദിത്വമുള്ള ഭരണ സമിതിക്കു കീഴിലായിരുന്നു യുഡിഎഫിന്‍റെ കാലത്തെ സഹകരണ പ്രസ്ഥാനം. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷത്തെ ഭരണം കൊണ്ട് സഹകരണ മേഖലയിലെ ജനാധിപത്യത്തെ ഇടതു സര്‍ക്കാര്‍ തകര്‍ത്തുടച്ചു. പതിന്നാല് ജില്ലാ സഹകരണ ബാങ്കുകളുടെയും ഭരണ സമതികള്‍ പിരിച്ചു വിട്ടു. സംസ്ഥാന സഹകരണ ബാങ്ക് ഇല്ലാതാക്കി. കേന്ദ്ര നയത്തിന്‍റെ അരികു പിടിച്ച് പ്രാഥമിക സഹകരണ സംഘങ്ങളെയും ഇല്ലാതാക്കി. ഇതെല്ലാം ചേര്‍ത്ത് കേരള ബാങ്ക് എന്ന സ്ഥാപനമുണ്ടാക്കി കോര്‍പ്പറേറ്റ് കൊള്ളയ്ക്കു വഴി തുറന്നു.

കരുവന്നൂര്‍ സഹകരണ സംഘമടക്കം മുന്നൂറോളം പ്രാഥമിക സഹകരണ സംഘങ്ങളില്‍ സിപിഎം ഭരണസമിതികള്‍ നടത്തിയ തട്ടിപ്പിന്‍റെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എല്ലാം കൂടി ഏതാണ്ട് ആയിരം കോടി രൂപയുടെയെങ്കിലും നിക്ഷേപം സിപിഎമ്മിലെ വിരുതന്മാര്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു. മുന്നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേടുകള്‍ ഇപ്പോള്‍ അന്വേഷണ പരിധിയിലുണ്ട്. ഇപ്പോഴത്തെ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെട്ട എളങ്ങളം ബാങ്ക് അഴിമതിയും അതില്‍പ്പെടും. കുറ്റം തെളിയിക്കപ്പെട്ടാലും സിപിഎമ്മിന്‍റെ ഉന്നതരാരും പിടിക്കപ്പെടില്ല. അതിനു വേണ്ട ചാവേറുകളെ തീറ്റിക്കൊഴുപ്പിച്ചു പാര്‍ട്ടി തന്നെ വളര്‍ത്തിക്കൊണ്ടുവരും. പിടിക്കപ്പെട്ടാല്‍ ഇരകളായി അവര്‍ മരിക്കാനും തായാറാകും. കരുവന്നൂരിലടക്കം സംഭവിച്ചത് അതാണ്.

  • ഭരണസമതിയുടെ കൊള്ളയ്ക്ക് ജീവനക്കാര്‍ ഇര

കരുവന്നൂര്‍ തട്ടിപ്പ്കേസ് തന്നെ ഉദാഹരണം. കഴിഞ്ഞ പത്തു വര്‍ഷമായി ബാങ്കില്‍ നടന്നിട്ടുള്ള മുഴുവന്‍ ക്രമക്കേടുകളും സിപിഎമ്മിന്‍റെ കരുവന്നൂര്‍ ഏരിയ കമ്മിറ്റി, ഇരിങ്ങാലക്കുട താലൂക്ക് കമ്മിറ്റി, തൃശൂര്‍ ജില്ലാ കമ്മിറ്റി എന്നിവരുടെ അറിവോടെയാണെന്നാണ് ക്രൈം ബ്രാഞ്ചിനു കിട്ടിയ വിവരം. ഈ റിപ്പോര്‍ട്ട് പുറംലോകം കാണാതിരിക്കാനാണ് പോലീസിലെ പോലും ഇന്‍റലിജന്‍സ് ഭൃത്യന്മാര്‍ പാടുപെടുന്നത്. ഏതായാലും ബാങ്കിന്‍റെ തട്ടിപ്പ് ആദ്യം വെളിച്ചത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥയടക്കം സസ്പെന്‍ഷനിലായി. സഹകരണ വകുപ്പിലെ പതിനാറ് ഉദ്യോഗസ്ഥര്‍ക്കു കൂടി കഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍ കിട്ടി. ബാങ്ക് ജീവനക്കാരായ നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തീര്‍ന്നു! കരുവന്നൂര്‍ ബാങ്കിലെ നടപടികളെല്ലാം അവസാനിച്ചു.

പ്രതി ചേര്‍ക്കപ്പെട്ടവര്‍ കുറച്ചു ദിവസം പുറത്തു നില്‍ക്കും. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ പരമാവധി ഒരു മാസത്തിനുള്ളില്‍ തിരിച്ചെടുക്കും. യഥാര്‍ഥ കുറ്റവാളികളായ പാര്‍ട്ടി സഖാക്കള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യും. അപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് ആര് എന്ന ചോദ്യത്തിന്‍റെ ഉത്തരം വളരെ ലളിതം. ബാങ്കിന്‍റെ ഓഹരി ഉടമകളായ പാവം നിക്ഷേപകര്‍! കരുവന്നൂരില്‍ കാണുന്നത് അതാണ്.

ജീവിതകാലം മുഴുവന്‍ അധ്വാനിച്ച സമ്പത്ത് നിക്ഷേപിച്ചവര്‍ അതു തിരികെക്കിട്ടാന്‍ നെട്ടോട്ടമോടുകയാണ്.‌ പണം പിന്‍വലിക്കാനെത്തുന്നവര്‍‌ക്ക് പരമാവധി പതിനായിരം രൂപ വരെ നല്‍കി മടക്കുകയാണിപ്പോള്‍. ബാക്കി പണം എന്നു കിട്ടുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. കിട്ടിയാല്‍ കിട്ടി. അത്രമാത്രം!

  • കൈയിട്ടുവാരാന്‍ ലക്ഷം

    കോടിയുടെ നിക്ഷേപം

 15,287 പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങള്‍, 1611 കാര്‍ഷിക സര്‍വീസ്  സഹകരണ സംഘങ്ങള്‍, 736 പട്ടിക ജാതി സഹകരണ സംഘങ്ങള്‍, 98 പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍, 1152 വനിതാ സഹകരണ സംഘങ്ങള്‍, 232 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍, പതിന്നാല് ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, നൂറ്റമ്പതോളം കര്‍ഷിക വികസന സഹകരണ ബാങ്കുകള്‍ എന്നിങ്ങനെയാണ് സംസ്ഥാന സഹകരണ പ്രസ്ഥാനങ്ങളുടെ നാഡീവ്യൂഹം. സഹകരണ ആശുപത്രികള്‍, എന്‍ജിനീയറിംഗ് കോളെജുകള്‍ തുടങ്ങി മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. ഇതില്‍ സഹകരണ സാമ്പത്തിക സ്ഥാപനങ്ങളില്‍ മാത്രം മൂന്നു വര്‍ഷം മുന്‍പ് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ ധൂര്‍ത്തിനും അഴിമതിക്കും ഇതില്‍ നിന്ന് യഥേഷ്ടം പണം വിനിയോഗിക്കുന്നു എന്നതാണു വിചിത്രം. ഏറ്റവും അപകടകരവും. കേരള ബാങ്കിന്‍റെ രൂപീകരണം തന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു എന്ന് ഇതോടെ വ്യക്തം.

  • കെഎസ്ആര്‍ടിസി പെന്‍ഷനെന്ന കിട്ടാക്കടം

ലാഭത്തിലും നഷ്ടത്തിലും പ്രവര്‍ത്തിക്കുന്ന അനേകം വെള്ളാനകളുണ്ട്, സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍. അതിന്‍റെയെല്ലാം ശമ്പളം, പെന്‍ഷന്‍, ഇതര ഭരണ നിര്‍വഹണ ചെലവുകള്‍ എന്നിവയെല്ലാം അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് അത്തരം ചുമതലകള്‍ നിര്‍വഹിക്കേണ്ട്. എന്നാല്‍ അതിന്‍റെ ഉത്തരവാദിത്വം കൂടി പാവപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഓഹരി പങ്കാളിത്തം നേടി സ്ഥാപിച്ച പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളുടെ ചുമലിലേക്കു ചുമ്മിക്കൊടുത്ത കിരാത നടപടിയാണു സിപിഎമ്മിന്‍റെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ നടപ്പാക്കിയത്.

ഏറ്റവും കൂടുതല്‍ ജീവനക്കാരും പെന്‍ഷന്‍കാരുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. പെന്‍ഷന്‍കാര്‍ മാത്രം നാല്പതിനായിരത്തോളം വരും. ഇവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 720 കോടി രൂപ വേണം. 2018 മുതല്‍ കോര്‍പ്പറേഷന്‍ ഈ പണം കണ്ടെത്തുന്നത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ്. 2018ല്‍ പ്രത്യേക ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുന്ന നടപടി നടപ്പാക്കിയത്. 2018 ഫെബ്രുവരി 19 ന് സര്‍ക്കാര്‍ ഇറക്കിയ ജിഒ (ആര്‍ടി) 102/2018 പ്രകാരം കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ മുഖേനയാക്കി. ഉത്തരവ് തീയതി മുതല്‍ ആറുമാസത്തേക്കായിരുന്നു ഈ കടമെടുപ്പിന്‍റെ കാലാവധി. അതിനുള്ളില്‍ കോര്‍പ്പറേഷനിന്‍ പ്രൊഫഷണല്‍ പുനര്‍വിന്യാസം നടത്തി വരുമാനമുണ്ടാക്കി കടം തിരിച്ചടയ്ക്കുമെന്നും ഉറപ്പ് നല്‍കി. ആദ്യഗഡുവായി 584 കോടി രൂപയും കടമെടുത്തു. ആറു മാസ കാലാവധിക്ക് പത്തു ശതമാനം നിരക്കില്‍ തിരിച്ചടവിന് 605.74 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യ‌ാരന്‍റിയും നല്‍കി.

 എന്നാല്‍ പിന്നീടിന്നു വരെ ഒരു രൂപ  പോലും തിരിച്ചടച്ചില്ല.

എന്നു തന്നെയുമല്ല, കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും പെന്‍ഷന്‍ വിതരണത്തിന് 69 കോടി രൂപ വീതം കോര്‍പ്പറേഷന്‍ സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം മുഖേന വായ്പ എടുക്കുകയും ചെയ്തു.

 കോവിഡ് പ്രതിസന്ധിമൂലം വശം കെട്ടുപോയ ഓഹരി ഉടമകളായ കര്‍‌ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വായ്പ നല്‍കാന്‍ സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് തിരിച്ചടവ് ഉറപ്പില്ലാത്ത കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഫണ്ടിലേക്ക് ഓരോ മാസവും എഴുപതു കോടിയോളം രൂപ കടമെടുക്കുന്നത്. ഇതു സഹകരണ മേഖലയുടെ നിലനില്പ് പോലും അപകടത്തിലാക്കും. പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊല്ലുന്നതിനു സമാനമാകും ഈ നടപടി.

Related posts

Leave a Comment