സ്വര്‍ണം+ വെള്ളി+ വെങ്കലം= ഹരിയാന

ടോക്കിയോഃ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ എക്കാലത്തെയും മികച്ച ഫോമിലെത്തിയപ്പോള്‍ അഭിമാനം കൊണ്ടു തുള്ളിച്ചാടുകയാണ് ഹരിയാനയിലെ ചുണക്കുട്ടികള്‍. ഇക്കുറി ഇന്ത്യ നടത്തിയ റെക്കോഡ‍് മെഡല്‍ വേട്ടയില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും‌ ഈ വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ വക. ഈ നാടിന്‍റെ പരമ്പരാഗത കായിക ഇനമായ ഗുസ്തിയില്‍ ഒരു വെള്ളിയും വെങ്കലവും. നൂറു വര്‍ഷമായി കാത്തിരിക്കുന്ന ഒളിംപിക് അതല്റ്റിക് സ്വര്‍ണ കിരീടവും ഈ കര്‍ഷക സംസ്ഥാനത്തിന്‍റെ സംഭാവന. നീരജ് ചോപ്ര (സ്വര്‍ണം- ജാവലിന്‍) രവികുമാര്‍ ദഹിയ (വെള്ളി- ഗുസ്തി), ബജരംഗ് പുനിയ ( വെങ്കലം ഗുസ്തി).ഇന്ത്യ നേടിയ ഏഴു ഒളിംപിക് മെഡലുകളില്‍ വ്യക്തിഗത ഇനങ്ങളിലെ മൂന്നും ഹരിയാനയില്‍ നിന്നുള്ളവര്‍ക്ക്. വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലുമുണ്ട് ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍.

അവശേഷിക്കുന്ന വ്യക്തിഗത മെഡലുകളില്‍ ഒരു വെള്ളി വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലേക്കുഭാരോദ്വാഹക മീരാബായി ചാനു കൊണ്ടു പോയി. വെങ്കലങ്ങളില്‍ ഒന്ന് ലവ്ലീന ബോര്‍ഗോഹോയിന്‍ അസമിലേക്കും ഒരെണ്ണം ബാഡ്മിന്‍റണിലിലൂടെ പി.വി. സിന്ധു ആന്ധ്രപ്രദേശിലേക്കും കൊണ്ടു പോയി. വെങ്കലമെഡലെങ്കിലും പൊന്നിന്‍റെ വിലയുള്ള പുരുഷ വിഭാഗം ഹോക്കിയുടെ കിരീടാവകാശി പി.ആര്‍. ശ്രീജേഷിലൂടെ കേരളത്തിലേക്കും കടന്നു വരുന്നത് നമ്മള്‍ മലയാളികള്‍ക്കും എക്കാലത്തേക്കും കരുതിവയ്ക്കാനുള്ള ആനന്ദം തന്നെയാണു നല്കുന്നത്.

ടോക്കിയോ ഒളിംപിക്സിന് ഇന്നു തിരശീല വീണപ്പോള്‍ മെഡല്‍പ്പട്ടികയില്‍ ഇന്ത്യ നാല്പത്തേഴാം സ്ഥാനത്ത്.

  • നീരജ് ചോപ്ര, സ്വര്‍ണം, ജാവലിന്‍ ത്രോ, ഹരിയാന

ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ സുബേദാര്‍, ഹരിയാനയിലെ പാനിപ്പട്ട് ജില്ലയിലെഖാണ്ഡിയ ഗ്രാമത്തില്‍ കര്‍ഷകനായ സതീശ് കുമാറിന്‍റെ മകന്‍. പതിനേഴംഗ കൂട്ടുകുടുംബത്തിലെ ഇളമുറക്കാരന്‍. സരിത, സംഗീത എന്നിവര്‍ സഹോദരിമാര്‍. പതിനൊന്നാം വയസില്‍ എണ്‍പതു കിലോഗ്രാം തൂക്കമുണ്ടായിരുന്ന പൊണ്ണത്തടിയന്‍റെ തൂക്കം കുറയ്ക്കാന്‍ അച്ഛന്‍ നിര്‍ദേശിച്ചതാണ് ജാവലിന്‍ ത്രോ. ഏതെങ്കിലുമൊക്കെ കായിക ഇനങ്ങളില്‍ ചേര്‍ന്നു തടി കുറയ്ക്കാനായിരുന്നു ഉപദേശം. ആദ്യം ഓടിയും ചാടിയുമൊക്കെ പരിശ്രമിച്ചു നോക്കി. പരിശീലകരാണ് ജാവലിനിലേക്ക് വഴിതിരിച്ചു വിട്ടത്. അതു ഒളിംപിക് സ്വര്‍ണമെന്ന ഇന്ത്യയുടെ സുവര്‍ണ സ്വപ്നം സാക്ഷാത്കരിക്കുന്നതിലെത്തിച്ചു.

  • രവികുമാര്‍ ദഹിയ, വെള്ളി, 57 കിലോഗ്രാം ഗുസ്തി, ഹരിയാന

ഹരിയാനയിലെ സോണിപ്പത്ത് ജില്ലയില്‍ നഹറി ഗ്രാമത്തില്‍ നിന്നുള്ള ഗുസ്തി താരം. അച്ഛന്‍ രാകേഷ് ദഹിയ, കര്‍ഷകന്‍. പശുക്കളെ വളര്‍ത്തിയും പാല്‍ വിറ്റും മകനെ ഗുസ്തി പഠിപ്പിച്ചു. ചെലവു കുറഞ്ഞ കായിക ഇനമെന്ന നിലയിലാണ് അതിന് തയാറായത്. രണ്ടു തവണ ഏഷ്യന്‍ ചാംപ്യന്‍.

  • ബജരംഗ് പുനിയ, വെങ്കലം, 45 കിലോഗ്രാം ഗുസ്തി ഹരിയാന

ഹരിയാനയിലെ ഝാജര്‍ ജില്ലയിലെ ഖുദാര്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുസ്തിക്കാരന്‍. അച്ഛന്‍ പുനിയയ്ക്ക് മകനെ കായിക പരിശീലനത്തിനു വിടാനുള്ള പണമുണ്ടായിരുന്നില്ല. സൗജന്യ പരിശീലനം കിട്ടുന്ന ഗുസ്തിയിലും കബഡിയിലും ചേര്‍ത്തു പരിശീലിപ്പിച്ചു. ദേശീയ ചാംപ്യനായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു.

Mirabai Chanu Saikhom (India) win the gold medal in the women’s weightlifting, at 12th South Asian Games, in Dispur, Guwahati on February 06, 2016.
  • മീരാ ബായി ചാനു, വെള്ളി, 49 കിലോഗ്രാം വനിതകളുടെ ഭാരോദ്വഹനം, മണിപ്പൂര്‍

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെ കക്‌ചിംഗ് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ സെക്യൂരിറ്റി ഗാര്‍ഡ് സൈകം കൃതി മീതൈ. അമ്മ ഓംഗ്ബി തോംബി ലീമ. ഒരു സഹോദരി. കുട്ടിക്കാലത്ത് അമ്മയെ സഹായിക്കാന്‍ കാട്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറക് ശേഖരിച്ചു തലച്ചുമടായി എത്തിച്ചതു പ്രചോദനമായി. ഒളിംപിക് മെഡല്‍ ലഭിച്ചതോടെ മണിപ്പൂര്‍ സംസ്ഥാനത്തെ പൊലീസ് ഉപമേധാവിയായി നിയമനം ലഭിച്ചു.

India’s P. V. Sindhu poses with her women’s singles badminton bronze medal at a ceremony during the Tokyo 2020 Olympic Games at the Musashino Forest Sports Plaza in Tokyo on August 1, 2021. (Photo by Pedro PARDO / AFP)
  • പി.വി. സിന്ധു , ഹൈദരാബാദ് വനിതകളുടെ ബാഡ്മിന്‍റണ്‍, വെങ്കലം, ആന്ധ്രപ്രദേശ്

അച്ഛന്‍ പി.വി. രമണ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍, ഇപ്പോഴത്തെ തെലുങ്കാന നിര്‍മല്‍ സ്വദേശി. അമ്മ വിജയ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശി. ഇപ്പോള്‍ ഹൈദരാബാദില്‍ സ്ഥിരതാമസം.

  • ലവ്‌ലീന ബോര്‍ഗോഹെയ്ന്‍, വെങ്കലം, വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ്, അസം

അസമില്‍ നിന്നുള്ള അര്‍ജുന അവാര്‍ഡ് ജേതാവ്. അച്ഛന്‍ ടിക്കണ്‍, അമ്മ മാമോനി. ഇരട്ടസഹോദരങ്ങള്‍ ലിച്ചയും ലിമയും അമച്വര്‍ ഗുസ്തി താരങ്ങള്‍. സാമ്പത്തി‌ക പരിമിതികള്‍ മൂലം തുടര്‍ പരിശീലനം ലഭിച്ചില്ല. സാധ്യമായ സഹായങ്ങളൊരുക്കി അച്ഛന്‍ ലവ്ലീന‌യെ നാഷണല്‍ അക്കാഡമിയിലെത്തിച്ചു. പിന്നീടിങ്ങോട്ടു ദേശീയ താരം‌, ഏഷ്യന്‍ ചാംപ്യന്‍.

  • പുരുഷ വിഭാഗം ഹോക്കി വെങ്കലം ടീം

മലയാളി താരം പി.ആര്‍. ശ്രീജേഷ് അടക്കം എട്ടു സംസ്ഥാനങ്ങളിലെ ഇരുപതു താരങ്ങള്‍.

Related posts

Leave a Comment