സ്വർണക്കടത്ത് കേസ് അട്ടിമറിച്ചു : തുടരന്വേഷണത്തിന് സിബിഐ വരും ;ശബ്ദരേഖ തയാറാക്കിയ പൊലീസുകാരും കുടുങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറിവോടെ നടന്ന സ്വർണക്കടത്ത് കേസ്, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാനായി സർക്കാർ തലത്തിൽ നടന്ന ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാനായി സിബിഐ എത്തും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളും നേരത്തെ ഇ.ഡിക്കെതിരെ സംസ്ഥാന പൊലീസ് കേസെടുത്തതും ഉൾപ്പെടെ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് കേന്ദ്ര സർക്കാരിന് കത്തുനൽകിയതോടെയാണിത്. ഇ.ഡി കൊച്ചി ജോയിന്റ് ഡയറക്ടറാണ് ഇഡി ആസ്ഥാനത്തെ സ്പെഷൽ ഡയറക്ടർക്ക് കത്തയച്ചത്. കത്ത് ധനവകുപ്പിനും ആഭ്യന്തരവകുപ്പിനും കൈമാറും. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും പ്രതികളെ കണ്ടെത്താൻ കഴിയില്ലെന്നുമാണ് ഇ.ഡി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ സ്വപ്നാ സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖ തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് തെളിഞ്ഞതോടെ അത് തയാറാക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കുരുങ്ങുമെന്നാണ് സൂചന. കേരള പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു വ്യക്തമായ സൂചന കേന്ദ്ര ഏജൻസികൾക്കു ലഭിച്ചുവെന്നാണ് വിവരം. ഇതിലും സിബിഐ അന്വേഷണ സാധ്യത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ട്.
ഇ.ഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാൽ ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസം, ആ ശബ്ദ സന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തു വിട്ടതെന്നും ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയതോടെ തിരക്കഥ പുറത്തുവന്നു.
കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണിത്തുറ സ്റ്റേഷനിലായിരുന്നു. സർക്കാരിനെ വെള്ള പൂശാനുള്ള നിർദേശങ്ങൾ തലസ്ഥാനത്തു നിന്ന് ഇവർ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിവരം. വിവാദ ശബ്ദ സന്ദേശത്തിന്റെ തിരക്കഥ തലസ്ഥാനത്താണു തയാറാക്കിയത്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു. തുടർന്നു ഫോൺ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോൺ നൽകി അതു റിക്കോർഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതൽ അന്വേഷിക്കുക. ഇതിന് ഒത്താശ ചെയ്ത പൊലീസിലെ ചില ഉന്നതരും കുടുങ്ങും.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതു ജയിൽ ചട്ടത്തിന്റെ ലംഘനമാണെന്നും ആവശ്യമെങ്കിൽ സിബിഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്നു ഇഡിക്കു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ അന്നു ശബ്ദസന്ദേശം പുറത്തു വന്നതിനെ കുറിച്ച് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പൊലീസ് ഹൈടെക് സെല്ലിന് ഇതു കൈമാറി. അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്‌.പിയാകട്ടെ, ശബ്ദ സന്ദേശം പ്രചരിച്ചതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയില്ലെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇക്കാര്യങ്ങളെല്ലാം തുടരന്വേഷണത്തിൽ ഉൾപ്പെടും.

Related posts

Leave a Comment