കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ചെന്നൈ, ദുബായ് വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കസ്റ്റംസ് എയർ ഇൻ്റലിജൻസും, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (ഡി.ആർ.ഐ) വിഭാഗവും വ്യത്യസ്ത സമയങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് സ്വര്‍ണ്ണം പിടികൂടിയത്. രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈ നിന്ന് എത്തിയ സംഘത്തിലുള്ളവരെന്നാണ് സംശയം. ദുബായില്‍ നിന്ന് ചെന്നൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണ്ണം പിന്നീട് 4 പേര്‍ക്ക് കൈമാറുകയായിരുന്നു. ഇവരില്‍ മൂന്ന് പേരില്‍ നിന്ന് 355 ഗ്രാം വീതവും ഒരാളില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്.

ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോഡ് സ്വദേശിനിയായ സറീന അബ്ദു എന്ന യാത്രക്കാരിയില്‍ നിന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3250 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. വസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ ധരിച്ചിരുന്ന വസ്ത്രത്തിനകത്ത് സ്വർണം ഉരുക്കി തേച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാൻ ഇതിന് മീതെ മറ്റൊരു വസ്ത്രവും ധരിച്ചാണ് ഇവർ എത്തിയത്. ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനകത്ത് സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമായിട്ടില്ല.

ഇതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ പിടികൂടുന്ന സ്വർണ്ണം കസ്റ്റംസ് പുറലോകം അറിയരുതെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട് .ഇത് കള്ളക്കടത്ത് സംഘത്തെ സഹായിക്കുവാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Related posts

Leave a Comment