ഒരു കോടി രൂപ മുക്കിയ സിപിഎം സഹകരണ ബാങ്കിൽ വീണ്ടും വായ്പാ തിരിമറി, നിക്ഷേപകർക്കു നഷ്ടം വീണ്ടും ഒരു കോടി

ആലപ്പുഴ: സിപിഎം സഹകരണക്കൊള്ള ഹരിപ്പാട്ടും. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലാണ് വൻ വെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത്. നേരത്തേ ഒരു കോടി രൂപയുടെ മുക്കുപണ്ട കേസ് ഒതുക്കി തീർത്ത ബാങ്കിൽ സ്വർണപ്പണയം, മറ്റ് വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വീണ്ടും ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പണയപ്പണ്ടം ഇല്ലാതെ 32 പേർക്ക് ഒരു കോടി രൂപയോളം വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് ശാഖകൾ മാത്രമുള്ള ഹരിപ്പാട്ടെ കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത് കഴിഞ്ഞ 23ന്. ബാങ്കിൻറെ നാരകത്തറ ശാഖയുടെ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ പണയ പണ്ടങ്ങളുടെ കണക്കെടുത്തപ്പോൾ ഞെട്ടി. സ്വർണപ്പണയ വായ്പയെടുത്ത 32 പേരുടെ കവറുകൾ ശൂന്യം. സ്വർണത്തിന്റെ തരി പോലുമില്ല. നൽകിയിരിക്കുന്നത് ഒരു കോടിയോളം രൂപ. തുടർന്ന് ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലും അക്കൗണ്ട്. ഇതിലൂടെ നടന്നത് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ. കമ്മിഷനും കോഴയും ഉൾപ്പെടെ അനധികൃത ഇടപാടുകൾക്ക് ഈ അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.‌ ബാങ്കിലെ ജീവനക്കാരനായ സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി സംസ്ഥാന നേതൃത്വത്തിന് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
മുമ്പ് ഒരു കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത് ഒതുക്കി തീർത്തതായും പാർട്ടിക്ക് വിവരം ലഭിച്ചിരുന്നു. അന്നും പക്ഷേ ഉന്നതർ കണ്ണടച്ചു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം.സത്യപാലനാണ് കഴിഞ്ഞ 15 വർഷമായി ബാങ്കിൻറെ ചെയർമാൻ. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ഇദ്ദേഹം. പാർട്ടി അനുഭാവികൾക്കും അം​ഗങ്ങൾക്കും ബാങ്ക് ജീവനക്കാരുടെ ബന്ധുക്കൾക്കുമാണ് അനധികൃത വായ്പയിലൂടെ പണം നൽകിയത്. ബാങ്കിലെ തന്നെ ഒരു വിഭാ​ഗം ജീവനക്കാർ രം​ഗത്തു വന്നപ്പോളാണ് തട്ടിപ്പ് പുറത്തു വന്നത്. സംസ്ഥാന സഹകരണ ഓഡിറ്റർക്ക് പരാതി അയച്ചെങ്കിലും ഉന്നതർ ഇടപെട്ടു മുക്കി.

Related posts

Leave a Comment