കാര്‍ വാങ്ങാന്‍ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി, ഹോട്ടല്‍ മുറിയില്‍ വച്ച്‌ പീഡനം; ടിക് ടോക് താരം അറസ്റ്റില്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക് ടോക്ക്- റീല്‍സ് താരം പൊലീസ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ താരം വിനീത് അറസ്റ്റിലാവുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച്‌ ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം ചിറിയന്‍കീഴ് സ്വദേശിയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്,

ഒട്ടേറെ പേര്‍ വിനീതിന്റെ വലയില്‍ കുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് വിനീത് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം ചെന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവ കാണിച്ച്‌ യുവതികളില്‍ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുക.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, ഇയാള്‍ക്കെതിരെ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെ കൂടുതല്‍ പേര്‍ പരാതിയുമായി സമീപിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സാണ് വിനീതിനുള്ളത്.
ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടു പറഞ്ഞിരുന്നത്.

Related posts

Leave a Comment