ഐഎൻടിയുസി സമ്മേളനം: പ്രതിനിധികൾ എത്തിത്തുടങ്ങി, പ്രവർത്തക സമിതി യോ​ഗം നാളെ

തിരുവനന്തപുരം: മെയ് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുള്ള പ്രതിനിധികൾ എത്തിത്തുടങ്ങി. നാളെ രാവിലെ നടക്കുന്ന പ്രവർത്തക സമിതി മീറ്റിങ്ങോടെ പരിപാടികൾ തുടങ്ങും. ദേശീയ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഢിയുടെ അധ്യക്ഷതയിലാണു പ്രവർത്തക സമിതി യോ​ഗം ചേരുന്നത്. നവംബറിൽ നടക്കുന്ന പ്ലീനനറി സമ്മേളനത്തിന്റെ കരട് രൂപം തയാറാക്കുകയാണ് പ്രധാന അജൻഡ.
കോവളം ഉദയ സമുദ്രയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ചൊവ്വാഴ്ച നടക്കുന്ന ജൂബിലി സമ്മേളനം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. 15,000-ത്തോളം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിൽ ആയിരം പേർ വനിതകളും 500-ലേറെ പേർ യുവാക്കളുമാണ്. സെറ്റോയിൽ ഉൾപ്പെടുന്ന വിവിധ കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
രാവിലെ 11ന്, പരുത്തിക്കുഴിയിൽ മൂന്നു നിലകളിലായി പണി കഴിപ്പിച്ച ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ (കെ കരുണാകരൻ സ്മാരക മന്ദിരം) ഉദ്ഘാടനവും രാഹുൽഗാന്ധി നിർവഹിക്കും. സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിശാലമായ അന്തർദേശീയ ലേബർ റിസർച്ച് സെന്റർ, മീഡിയ റൂം എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെ കരുണാകരന്റെ ഛായാചിത്രവും രാഹുൽഗാന്ധി അനാഛാദനം ചെയ്യും.
ഐഎൻടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഢി, കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്റണി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എംപി, സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, ഓർഗനൈസിങ് സെക്രട്ടറി ആർഎം പരമേശ്വരൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Comment