ന്യൂഡൽഹി: ഈ വർഷത്തെ ഗേറ്റ് പരീക്ഷ മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്.പരീക്ഷ വൈകുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടും അനിശ്ചിതാവസ്ഥയും ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
എൻജീനിയറിങ് പ്രവേശനത്തിനുള്ള പ്രാഥമിക പരീക്ഷയാണ് ഗേറ്റ്. ഈ മാസം അഞ്ച്, ആറ്, 12, 13 തീയതികളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ പരീക്ഷക്ക് അപേക്ഷിച്ച 11 പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്.കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തീവ്രമായി തുടരുകയാണെന്നും ഏപ്രിൽ വരെ ഇത് നിലനിൽക്കാനാണ് സാധ്യതയെന്നും ഹരജിയിൽ പറയുന്നു. കോവിഡ് രൂക്ഷമായിരിക്കുന്ന സമയത്ത് പരീക്ഷ നടത്താൻ അനുവദിക്കരുതെന്നും പരീക്ഷയെഴുതിയാൽ വിദ്യാർഥികൾക്കും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ, പരീക്ഷയെന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ഇതിൽ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഹരജിക്കാരെ അറിയിച്ചു. ഇതിൽ കോടതി ഇടപ്പെട്ടാൽ വിദ്യാർഥികൾക്കിടയിൽ അത് അനിശ്ചിതാവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ എല്ലാം തുറന്നുവെച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഗേറ്റ് പരീക്ഷ എഴുതുന്നത്. ഇതിൽ 20,000 പേർ മാത്രമാണ് പരീക്ഷ മാറ്റുന്നതിനായുള്ള ഓൺലൈൻ പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.