അർധരാത്രി തൂമ്പാത്തോടിന് സമീപം മാലിന്യം തള്ളി; കുറ്റക്കാരെ കണ്ടെത്താൻ നീക്കം ആരംഭിച്ചതോടെ തീയിട്ട് നശിപ്പിച്ചു

നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിന്റെ പല ഭാഗത്തും മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്ത് നടപടി ശക്തമാക്കുന്നു. വാഹനങ്ങൾ കണ്ടുകെട്ടി ഭീമമായ പിഴ ഈടാക്കുന്ന നടപടികളെക്കുറിച്ചാണ് പഞ്ചായത്ത് ആലോചിക്കുന്നത്. വഴിയോരങ്ങളിലും, കൃഷിയിടങ്ങളിലും ജലസ്രോതസുകളിലും മറ്റുമാണ് മാലിന്യം തള്ളുന്നത് വ്യാപകമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ പന്ത്രണ്ടാം വാർഡിലെ പുറയാർ റെയിൽവെ ഗേറ്റിൽ നിന്ന് തുരുത്തിലേക്ക് പോകുന്ന പൊതുമരാമത്ത് റോഡിലെ തുമ്പാത്തോടിന് സമീപം പൊളിച്ച് മാറ്റുന്ന വാഹനങ്ങളുടെ അവശിഷ്ഠങ്ങൾ തള്ളുകയുണ്ടായി. സമീപ പ്രദേശങ്ങളിലെ വാഹനങ്ങൾ പൊളിച്ച് ബോഡി മാറ്റി നവീകരിക്കുന്ന വർക്ക്ഷോപ്പുകളിലെ അവശിഷ്ഠങ്ങളാണ് തള്ളിയത്. സ്പോഞ്ചുകൾ, റെക്സിൻ, പൂതലിച്ച തടികൾ, ഗ്രീസുകൾ പുരണ്ട സാമഗ്രികൾ അടക്കമാണ് കുറ്റിക്കാട്ടിൽ നിക്ഷേപിച്ചത്. രാവിലെ സംഭവം കണ്ടെത്തിയ നാട്ടുകാർ അറിയിച്ച പ്രകാരം പഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ നീക്കം ആരംഭിച്ചു.

അതിന്റെ ഭാഗമായി സന്ധ്യയോടെ മാലിന്യം തള്ളാനെത്തുന്നതും മടങ്ങിപ്പോകുന്നതുമായ ടോറസ് വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ സമീപങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് ലഭിക്കുകയുണ്ടായി. എന്നാൽ അർധരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ നേതൃത്വത്തിൽ മുഴുവൻ മാലിന്യവും അഗ്നിക്കിരയാക്കുകയായിരുന്നു. രാത്രിയിൽ റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാർ അറിയിച്ച പ്രകാരമെത്തിയ അഗ്നി രക്ഷസേന തീ അണക്കുകയായിരുന്നു. രാത്രിയുടെ മറവിൽ പഞ്ചായത്തിലെ പല ഭാഗത്തും മാലിന്യം തള്ളുന്നത് വ്യാപകമായതോടെ അടുത്തിടെ അൻവർ സാദത്ത് എം.എൽ.എ അടക്കമുള്ളവർ ഇടപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടി സ്വീകരിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി അറിയിച്ചു.

Related posts

Leave a Comment