ലിംഗം മുറിച്ച കേസിൽ ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ, പിന്നിൽ പൊലീസ് ​ഗൂഢാലോചനയെന്ന് ആരോപണം

കൊല്ലം: ലിംഗം മുറിച്ച സംഭവത്തിൽ ഡിജിപി സന്ധ്യക്കെതിരെ ആരോപണവുമായി സിദ്ധൻ ഗംഗേശാനന്ദ.
തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ബി സന്ധ്യയാണെന്ന് ​ഗം​ഗേശാനന്ദ ആരോപിച്ചു. അവർക്കെതിരേ അന്വേഷണം നടത്തണമെന്നും സ്വാമി.
എല്ലാം അവരുടെ അറിവോടെയാണ് നടന്നത്. സംഭവങ്ങളിൽ ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ലിംഗംമുറിച്ച കേസിൽ ആദ്യ എഫ്‌ഐആറിലുണ്ടായിരുന്നത് 9 ചാർജ് ഷീറ്റുകളാണ്. പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ പോക്‌സോ കേസ് ഉൾപ്പെടെ ഒഴിവാക്കി. തന്റെ ലിംഗം ഛേദിച്ചത് ആരാണെന്നറിയില്ല.

ബോധം കെടുത്തിയാണ് കൃത്യം നടത്തിയത്. ഇരുട്ടായതിനാൽ ആരെയും തനിക്ക് മനസിലായിരുന്നില്ല. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗംഗേശാനന്ദ പറഞ്ഞു. ആ പെൺകുട്ടിയും യുവാവും മാത്രം വിചാരിച്ചാൽ അത് ചെയ്യാൻ കഴിയില്ല. തനിക്കെതിരെ ആക്രമണം നടത്തിയതിനുപിന്നിൽ വലിയൊരു സംഘത്തിന്റെ ഗൂഢാലോചനയുണ്ട്. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ചട്ടമ്പിസ്വാമി ജന്മസ്ഥാനം ബി സന്ധ്യയും കുടുംബവും കയ്യടക്കിവച്ചിരിക്കുകയാണെന്നും ഗംഗേശാനന്ദ കൂട്ടിച്ചേർത്തു.


തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേർന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ. ഇരുവരേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.
2017 മെയ് 20 രാത്രിയിലാണ് കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേരെ ആക്രമണം നടക്കുന്നത്.
സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്ക്കെതിരെ ബലാത്സംഗത്തിനടക്കം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ.
കേസിലെ ഉന്നത പൊലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങൾ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേർന്ന് സ്വാമിയെ ആക്രമിക്കാൻ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടൽത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Related posts

Leave a Comment