സോളാർ കേസ്: കെ.ബി. ​ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

കൊട്ടാരക്കര: സോളാർ കേസിൽ ​ഗൂഢാലോചന നടത്തുകയും വ്യാജ രേഖയുണ്ടാക്കുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന മുൻമന്ത്രി കെ.ബി. ​ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ വ്യാജരേഖയുണ്ടാക്കി എന്നാണ് ​ഗണേഷ് കുമാറിനെതിരായ പ്രധാന ആരോപണം.
സോളാർ കേസിലെ പ്രധാന പ്രതി സരിതാ നായർ പത്തനംതിട്ട ജില്ലാ ജയിലിൽ വച്ചെഴുതിയ കത്തിൽ കൃത്രിമം കാണിച്ചു എന്നാണ് ആരോപിക്കപ്പെട്ടത്. സരിത എഴുതിയ കത്തിൽ 21 പേജുകൾ മാത്രമായിരുന്നു. എന്നാൽ അന്വേഷണ കമ്മിഷനു ലഭിച്ച കത്തിന് 25 പേജുണ്ടായിരുന്നു. ഇത് ജെയിലിനു പുറത്തു വച്ച് ​ഗണേഷ് കുമാറിന്റെ ഒത്താശയോടെ തയാറാക്കിയതാണെന്നായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പരാതി. അധികമായി എഴുതി ചേർക്കപ്പെട്ട പേജുകളിലാണ് ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് നേതാക്കളുടെയും പേരുകളുള്ളത്. ഇതു രാഷ്‌ട്രീയ വൈരാ​ഗ്യം തീർക്കാനുള്ള ​ഗൂഢാലോചനയാണെന്നാണ് എതിർപക്ഷത്തിന്റെ ആക്ഷേപം.
​ഗണേഷ് കുമാർ, അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സഹായികളായിരുന്ന ശരണ്യ മനോജ്, പ്രദീപ് കുമാർ എന്നിവരാണ് ​ഗൂഢാലോചന നടത്തിയതും വിവാദ കത്ത് വിപുലപ്പെടുത്തിയതും. പിന്നീട് ​ഗണേഷ് കുമാറുമായി തെറ്റിയ മനോജ് കത്ത് വ്യാജമാണെന്നു തുറന്നു സമ്മതിച്ചിരുന്നു. മനോജിനെയും പ്രദീപിനെയും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്.

Related posts

Leave a Comment