അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ ജി.സുധാകരനെതിരെ പാർട്ടി അന്വേഷണം.

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ ജി.സുധാകരനെതിരായ അന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസുമാണ് അന്വേഷിക്കുക. ജി.സുധാകരൻ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേണ്ടത്ര സജീവമായില്ല എന്ന വിമർശനം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഉയർന്നിരുന്നു. ജി.സുധാകരന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് ശേഷമാണ് അവിടെ എച്ച്.സലാമിനെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും തീരുമാനമെടുത്തത്. അതിനുശേഷം വ്യാപകമായ പരാതികൾ അവിടുത്തെ പ്രാദേശികതലത്തിൽ നിന്ന് ഉയർന്നിരുന്നു. സ്ഥാനാർത്ഥി അടക്കമുള്ളവർ ആലപ്പുഴ ജില്ലാ സെക്രെട്ടറിയേറ്റ് യോഗത്തിൽ സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിക്കുന്നതിൽ സുധാകരൻ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള വിമർശനങ്ങൾ പോലും ഉയർന്നുവന്നിരുന്നു. രണ്ടു ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നുകൊണ്ട് ഇത്തരത്തിൽ ചില പരാതികൾ പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കി ഇന്നലെ സമർപ്പിച്ചു. ആലപ്പുഴയിലെ സിപിഎം നേതൃത്വത്തിൽ ശക്തമായ ചേരിതിരിവിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

Related posts

Leave a Comment