സുഭാഷ് ചന്ദ്രബോസിനെ മറന്നത് കമ്മ്യൂണിസ്റ്റുകാരുടെ മഹാപരാധം: ജി. ദേവരാജൻ

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു പുതിയ ദിശാബോധം നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിനെ മറക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ തമസ്‌ക്കരിക്കുവാനും ശ്രമിച്ചതാണ് ഇന്ത്യൻ കമ്മുണിസ്റ്റുകാർ ചെയ്ത മഹാപരാധമെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ദിനാഘോഷത്തോടനുബന്ധിച്ചു കേന്ദ്ര തൊഴിലാളി സംഘടനയായ ടി.യു.സി.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിന്റെ സാധ്യതകളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനനുകൂലമായി പ്രയോജനപ്പെടുത്താൻ നേതാജി സ്വീകരിച്ച മാർഗങ്ങളിൽ
പ്രധാനമായ ഐ.എൻ.എയുടെ രൂപീകരണവും താത്ക്കാലിക സ്വതന്ത്ര ഇന്ത്യാ സർക്കാരിന്റെ സ്ഥാപനവും ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവങ്ങളാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് മാതൃകയാക്കാമായിരുന്ന സായുധസമര മാർഗങ്ങളായിരുന്നു അവ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദം രാജിവച്ച് ഇടതുപക്ഷ ഏകോപനത്തിനായി ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ച സുഭാഷ്ചന്ദ്രബോസിന്റെ  രാഷ്ട്രീയ ദർശനങ്ങളെ ഉൾക്കൊളളാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും വെല്ലുവിളികളെ നേരിടുന്ന വർത്തമാനകാലത്ത് നേതാജിയുടെ രാഷ്ട്രീയ തത്വദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നേതാജിയെ മാതൃകയാക്കി ഒരുമിക്കണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു. ടി.യു.സി.സി ദേശീയ പ്രസിഡന്റ് പ്രബീർ ബാനർജി (ബംഗാൾ) അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.ആർ ശിവശങ്കർ (കർണാടക) സംസാരിച്ചു.

Related posts

Leave a Comment