പൊലീസിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ആർഎസ്എസ് ഗ്യാങ്: ജി ദേവരാജൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രാധാന്യം കുറയ്ക്കുകയും സംഘപരിവാർ പ്രപിതാക്കൻമാരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും മറ്റും വർഗീയ ലേഖനങ്ങൾ ഉൾപ്പെടുത്താനും തീരുമാനിച്ചതു വഴി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ.
ആരുടേയും ലേഖനങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ വായിക്കുന്നത് തെറ്റല്ല. അറിവു നേടുന്നതിനും താരതമ്യ പഠനം നടത്തുന്നതിനും അത്തരം വായനകള്‍ സഹായിക്കും. എന്നാല്‍ വർഗീയ  ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലേഖനങ്ങള്‍ പാഠപുസ്തകമാക്കുന്നതും സിലബസ്സില്‍ ഉൾപ്പെടുത്തുന്നതും വിദ്യാർത്ഥി  മനസ്സുകളെ വിഷലിപ്തമാക്കും. മതേതര ഭാരതത്തിന്റെ ഭാവിയില്‍ അത് കലാപം വിതയ്ക്കും. ബോർഡ് ഓഫ് സ്റ്റഡീസ് അറിയാതെ ഇത്തരം പാഠഭാഗങ്ങള്‍ സിലബസ്സില്‍ ഉൾപ്പെട്ടതിൽ നിന്നും ഗൂഢമായി പ്രവർത്തിക്കുന്ന ആർഎസ്എസ് ഗ്യാങ് എത്ര ശക്തമാണെന്ന് വ്യക്തമാകുന്നുണ്ട്. സർവകലാശാലയുടെ തീരുമാനത്തെ ന്യായീകരിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ ചെയർമാന്റെ നിലപാട് മതനിരപേക്ഷ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.
കേരളത്തിലെ പൊലീസില്‍ ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന ഭരണകക്ഷിയായ സി.പി.ഐ ദേശീയ നേതാവ് ആനിരാജ അഭിപ്രായപ്പെട്ടത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ പൊലീസില്‍ മാത്രമല്ല സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലും സർക്കാരിന്റെ മറ്റു നയരൂപികരണ രംഗങ്ങളിലും ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന് ഓരോ ദിവസവും വെളിവാകുകയാനെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment