പട്ടികവിഭാഗ ഫണ്ട് തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി

തിരുവനന്തപുരം: പട്ടിക ജാതി-വർഗ വികസന ഫണ്ട് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പട്ടിക ജാതി വികസന കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി രാഹുല്‍. കേസിലെ പരാതിക്കാരനായ എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഉൾപ്പടെയുള്ളവർക്കെതിരെയാണ്  രാഹുല്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിൽ ഗുരുതര പരാമർശം ന‌‌ടത്തിയിരിക്കുന്നത്.
എസ്.സി, എസ്.ടി ഫണ്ട് തട്ടിപ്പില്‍ അന്വേഷണം പ്രമോട്ടര്‍മാരിലും ക്ലര്‍ക്കുമാരിലും മാത്രമായൊതുങ്ങിയെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് പട്ടിക ജാതി വികസന കാര്യാലയത്തിലെ മുന്‍ സീനിയര്‍ ക്ലര്‍ക്കും കേസിലെ മുഖ്യപ്രതിയുമായ രാഹുലിന്‍റെ നിർണ്ണായക വെളിപ്പെടുത്തല്‍. തട്ടിപ്പില്‍ പട്ടിക ജാതി വികസന കാര്യാലയത്തിലെ തന്‍റെ മേലുദ്യോഗസ്ഥര്‍ക്ക് പങ്കെന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നത്. പരാതിക്കാരനായ ഷെഡ്യൂള്‍ കാസ്റ്റ് ഡെവലപ്മെന്‍റ് ഓഫീസര്‍ തന്നെയാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍. ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. പട്ടിക വിഭാഗക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ആദ്യം പ്രമോട്ടര്‍ക്കും പിന്നീട് ക്ലര്‍ക്കായ തനിക്കുമാണ് ഇത് ലഭിക്കുക. എന്നാല്‍ ഇതിന് ശേഷം അപേക്ഷ പരിശോധിക്കുന്നത് ഗ്രേഡ് വണ്‍ എസ്.സി ഡെവലപ്മെന്‍റ് ഓഫീസറും ഗ്രേഡ് 2 എസ്.സി ഡെവലപ്മെന്‍റ് ഓഫീസറുമാണ്. ഇതിന് ശേഷം പണം അനുവദിക്കുമ്പോഴും സമാനമായ പരിശോധന ഉദ്യോഗസ്ഥര്‍ നടത്തും. ഇങ്ങനെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടെന്നിരിക്കെ തനിക്ക് മാത്രമായി തട്ടിപ്പില്‍ പങ്കെന്ന് എങ്ങനെ പറയാനാകുമെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ഷെഡ്യൂള്‍ കാസ്റ്റ് ഡെവലപ്മെന്‍റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത കാര്യവും രാഹുല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 11 പ്രതികളുള്ള കേസില്‍ പട്ടിക ജാതി വികസന കാര്യാലയത്തിലെ ഉയര്‍ന്ന ഉദ്യോസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം തുടരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസില്‍ നിര്‍ണ്ണായക തെളിവായ രാഹുലിന്‍റെ ലാപ്ടോപ്പും മൊബൈലും കണ്ടെത്തുന്നതിന് ഡല്‍ഹിയില്‍ അന്വേഷണസംഘത്തിന്‍റെ തെളിവെടുപ്പ് തുടരുകയാണ്.

Related posts

Leave a Comment